കോട്ടയം- എന്തിനും ഒരതിര് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടി ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. എല്ലാ അതിരുകളും ലംഘിക്കുന്ന അവസ്ഥയാണുള്ളത്. ഭൂ പതിവ് ഭേദഗതി അടക്കം ബില്ലുകള്‍ നിയമസഭയില്‍ പാസ്സായെങ്കിലും ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമഭേദഗതി ഒപ്പിടാത്ത ഗവര്‍ണര്‍ താമസിക്കുന്ന രാജ്ഭവനിലേക്ക് കര്‍ഷകരുടെ സംഘടിതമായ മാര്‍ച്ച് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ടു പറന്നെങ്കിലും ഒന്നും ചെയ്യാനായില്ല. ലൈഫ് പദ്ധതിക്കെതിരെ ദുഷ്ടമനസുള്ളവര്‍ കുപ്രചാരണം നടത്തി. എന്നാല്‍ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയി. ലൈഫിനെതിരെ വ്യാജ പരാതിയുമായി പലരും രംഗത്തുവന്നു. പദ്ധതിക്ക് തുരങ്കംവെക്കാനാണ് അവര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പദ്ധതിക്കെതിരെ പ്രചരണം നടത്തിയവര്‍ ജാള്യത്തോടെ നില്‍ക്കുകയാണ്. വീടുകള്‍ ഇല്ലാത്തവര്‍ക്ക് ഇനിയും വീട് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോട്ടയം കൂട്ടിക്കലില്‍ സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.