റിയാദ്- കഴിഞ്ഞ ദിവസം റിയാദില്‍ ചേര്‍ന്ന അറബ് ലീഗ്- ഒ.ഐ.സി ഉച്ചകോടിക്കിടെ, യുദ്ധാനന്തര ഗാസയുടെ ഭാവിയെക്കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകനോട് സൗദി വിദേശമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രോഷത്തോടെയാണ് പ്രതികരിച്ചത്. എന്തു ഭാവിയെക്കുറിച്ചാണ് ഞാന്‍ പറയേണ്ടത്.. ഗാസ തകര്‍ക്കപ്പെടുകയാണ്, ഓരോ മണിക്കൂറിലും നിരവധി പേരാണ് മരിച്ചുവീഴുന്നത്. എന്തുഭാവിയെക്കുറിച്ച് സംസാരിക്കാനാണ് അവരാഗ്രഹിക്കുന്നത്. ഒരേയൊരു ഭാവി വെടിനിര്‍ത്തലാണ്. അതാണ് അറബ് ലീഗും ഒ.ഐ.സിയും ആവശ്യപ്പെടുന്നത്.
ഇസ്രായിലിന്റെ മനുഷ്യത്വവിരുദ്ധമായ ക്രൂരതകള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടണമെന്നും വിദേശമന്ത്രി പറഞ്ഞു. ഫലസ്തീന്‍ ജനതക്കെതിരെ അധിനിവേശക്കാര്‍ നടക്കുന്ന യുദ്ധക്കുറ്റങ്ങള്‍ രേഖപ്പെടുത്താന്‍ രണ്ട് മാധ്യമ നിരീക്ഷണ യൂനിറ്റുകളെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെയും ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഗാസക്കെതിരായ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിന് സമ്മര്‍ദ്ദ തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ സൗദി അറേബ്യയുടെയും മറ്റു ഏതാനും രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരെയും ഒ.ഐ.സി, അറബ് ലീഗ് സെക്രട്ടറി ജനറല്‍മാരെയും ഉള്‍പ്പെടുത്തിയ സമിതി രൂപീകരിച്ചാണ് ഉച്ചകോടി അവസാനിച്ചത്. സൗദി അറേബ്യ, ഇന്തോനേഷ്യ എന്നീ രണ്ട് ജി 20 അംഗരാജ്യങ്ങളുടെയും ആഫ്രിക്കയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിരാജ്യത്തിന്റെയും ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെയും വിദേശകാര്യമന്ത്രിമാര്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ സമിതി. മേഖലയില്‍ ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ഗൗരവതരമായ രാഷ്ട്രീയ പ്രക്രിയ ആരംഭിക്കുന്നതിനുള്ള ചര്‍ച്ച അന്താരാഷ്ട്ര തലത്തില്‍ സജീവമാക്കാനും 57 രാജ്യങ്ങളിലെ നേതാക്കള്‍ സംബന്ധിച്ച യോഗത്തില്‍ തീരുമാനമായി.