കൊച്ചി- അഞ്ചു വര്‍ഷത്തിനു ശേഷമുണ്ടായ ഏറ്റവും ശക്തിയേറിയ മഴയില്‍ സംസ്ഥാനത്ത് വ്യാപക ദുരിതം. വിവിധ ഭാഗങ്ങളില്‍ മഴ ശക്തി ചോരാതെ തുടരുകയാണ്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. രണ്ടു ദിവസത്തേക്കു കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലും ഒഴുക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 25 ആയി. ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ജില്ലകളില്‍ സൈന്യം സജീവമായി രംഗത്തുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 63 അംഗ സംഘം വയനാട്ടിലും 28 പേരടങ്ങുന്ന സംഘം മലപ്പുറത്തും 72 പേരുടെ സംഘം കോഴിക്കോട്ടും 28 പേരുടെ മറ്റൊരു സംഘം പാലക്കാട്ടും 48 പേരടങ്ങുന്ന സംഘം ഇടുക്കിയിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
തല്‍സമയ വിവരണം:
03.10 PM IST- നാലു ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയാതായതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാം ഷട്ടറും തുറന്നു. മൂന്നു ഷട്ടറുകള്‍ ഓരു മീറ്ററും, രണ്ടെണ്ണം 50 സെന്റിമീറ്ററും ഉയരത്തിലാണ് തുറന്നിരിക്കുന്നത്. ഇതുവഴി ഇപ്പോള്‍ പുറത്തേക്കൊഴുകുന്നത് സെക്കന്‍ഡില്‍ അഞ്ചു ലക്ഷം ലീറ്റര്‍ വെള്ളമാണ് (500 ക്യൂമെക്‌സ്). ഇന്നു രാവിലെ സെക്കന്‍ഡില്‍ 1.25 ലക്ഷം ലീറ്റം വെള്ളമാണ് പുറത്തു വിട്ടിരുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കും കൂടിയതോടെ ജലനിരപ്പില്‍ മാറ്റമില്ലാതെ തുടര്‍ന്നതാണ് കൂടുതല്‍ ഷട്ടറകള്‍ തുറക്കാന്‍ നിര്‍ബന്ധിതമായത്. വെള്ളിയാഴ്ച ഉച്ചയക്ക് രണ്ടു മണിക്ക് ജലനിരപ്പ് 2401.62 അടിയാണ്.
02.45 PM IST- മലപ്പുറം കാളികാവിലെ മുത്തന്‍തണ്ട് നടപ്പാലം പുഴയിലെ കുത്തൊഴുക്കില്‍ ഒലിച്ചു പോയി. കാളികാവ്-ചോക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടപ്പാലമായിരുന്നു ഇത്. ഇരു ചക്ര വാഹനങ്ങളും ഇതുവഴി കടന്നു പോയിരുന്നു. കഴിഞ്ഞ ദിവസം കനത്ത ഒഴുക്കില്‍ പാലം വെള്ളത്തില്‍ മുങ്ങിയിരുന്നു. വെള്ളം ഇറങ്ങിയതോടെയാണ് പാലത്തിന്റെ സിംഹ ഭാഗവും ഒലിച്ചു പോയതായി ശ്രദ്ധയിപ്പെട്ടത്.
11.05 AM IST- അതിശക്തമായ മഴയില്‍ റോഡുകള്‍ തകരാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി മലയോരമേഖലയില്‍ വിനോദ സഞ്ചാരവും ചരക്കു വാഹന നീക്കവും നിരോധിച്ചു. ഇനിയൊരു അറിയിപ്പു ഉണ്ടാകുന്നതുവരെ ഇഴിടേക്ക് വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
10.45 AM IST- മുഖ്യമന്ത്രി പരിപാടികള്‍ റദ്ദാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
10.15 AM IST- മൂന്നാര്‍ പള്ളിവാസലിലെ സ്വകാര്യ റിസോര്‍ട്ടില്‍ 30ഓളം വിദേശികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ട്. റിസോര്‍ട്ടിനടുത്ത് ഉരുള്‍പ്പൊട്ടി വഴി തടസപ്പെട്ടിരിക്കുകയാണ്. ഇതര സംസ്ഥാനക്കാരും കുടുങ്ങിക്കിടക്കുന്നുണ്ട്. കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Visuals from Idukki as heavy rain continues to lash #Kerala. Two more shutters of Idukki dam were opened today morning, increasing the water flow into Periyar river to 125 cuses (1,25,000 ltres/sec) pic.twitter.com/9B6DB2PzXt
— ANI (@ANI) August 10, 2018
10.00 AM IST- ഇടമലയാറില്‍ സ്ഥിതി നിയന്ത്രണവിധേയമെന്ന് മന്ത്രി എം.എം. മണി. ഇടമലയാര്‍ ഡാം തുറന്നു വിട്ടതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ കുട്ടമ്പുഴ ശുദ്ധജല വിതരണ പദ്ധതി, കുട്ടമംഗംല നേരിയമംഗലം കുടിവെള്ള പദ്ധതി, പിണ്ടിമന കുടിവെള്ള പദ്ധതി, കോട്ടപ്പടി പേഴാട് കുടിവെള്ള പദ്ധതി എന്നിവയിലെ പമ്പിങ് നിര്‍ത്തിവച്ചിരുന്നു.
09.45 AM IST- വ്യോമ സേന, കോസ്റ്റ് ഗാര്‍ഡ്, നാവിക സേന എന്നിവയുടെ അഞ്ച് ഹെലികോപ്റ്ററുകള്‍ ദുരന്ത നിവാരണപ്രവര്‍ത്തനങ്ങളില്‍ സജീവം. റവന്യു സെക്രട്ടറി പി.എച്ച് കൂരയന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റില്‍ ആരംഭിച്ച പ്രത്യേക സെല്‍ ആണു രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
09.45 AM IST- കരസേനയുടെ കൂടുതല്‍ സംഘം വയനാട്ടിലേക്ക് നീങ്ങുന്നു. മലപ്പുറത്തും കണ്ണൂരിലും സൈന്യത്തിന്റെ സഹായമുണ്ട്.
09.45 AM IST- നിലമ്പൂര്‍ ചെട്ടിയാംപാറയില്‍ അഞ്ചു പേര്‍ മരിച്ച കുടുംബത്തിലെ കാണാതായ പറമ്പാടന്‍ സുബ്രഹ്മണ്യന്റെ മൃതദേഹം സൈന്യം നടത്തിയ തിരച്ചലില്‍ കണ്ടെത്തി. അഗ്നി ശമന സേനയ്ക്ക് എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളില്‍ എഴുപതംഗ സൈനക സംഘം സേവനരംഗത്തുണ്ട്.
നിലമ്പൂര്‍ മേഖലയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മന്ത്രി കെ.ടി ജലീല്‍ നിലമ്പൂരില്‍ ക്യാമ്പ് ചെയ്താണ് നിലമ്പൂര്‍, കാളികാവ്, കുരാവക്കുണ്ട് ഭാഗങ്ങളിലെ പത്ത് ദുരിതാശ്വാസ ക്യാമ്പുകളുടെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത്.