ഷാര്‍ജ- യു.എ.ഇയില്‍ അബദ്ധത്തില്‍ നാണയം വിഴുങ്ങിയ സഹപാഠിയുടെ ജീവന്‍ രക്ഷിച്ച ബാലനെ ഷാര്‍ജ പോലീസ് ആദരിച്ചു. അല്‍ ഹംരിയയിലെ അല്‍ ഖലിയ െ്രെപമറി സ്‌കൂളിലായിരുന്നു സംഭവം.
നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് സഹപാഠി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അലി മുഹമ്മദ് ബിന്‍ ഹര്‍ബ് അല്‍ മുഹൈരി എന്ന വിദ്യാര്‍ത്ഥിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
പെട്ടെന്ന് തന്നെ കുട്ടിയുടെ അടുത്ത് ചെന്ന അലി അവന്റെ വയറ്റില്‍ അമര്‍ത്തുകയായിരുന്നു. ഇതോടെ കുട്ടി ചുമക്കുകയും നാണയം വായിലുടെ പുറത്തുവരികയും ചെയ്തു.
സഹപാഠിയുടെ ജീവന്‍ രക്ഷിക്കുന്നതിലും പ്രഥമ ശുശ്രൂഷ നല്‍കുന്നതിലും കാണിച്ച വീരോചിതമായ പങ്ക് കണക്കിലെടുത്താണ് വിദ്യാര്‍ഥിയെ അനുമോദിച്ചത്. പെട്ടെന്നുള്ള വിവേകമാണ് കുട്ടിയെ രക്ഷിക്കാന്‍ സഹായകമായതെന്നാണ് എല്ലാവരും വിലയിരുത്തിയത്.
തന്റെ മകന് ബഹുമതി നല്‍കിയതിന് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡിന് അലിയുടെ പിതാവ് നന്ദി അറിയിച്ചു.
ധീരമായ പ്രവൃത്തിക്ക് പോലീസ് സേനയുടെ പേരില്‍ പ്രശംസാപത്രവും ഉപഹാരവുമാണ് അലിക്ക് ലഭിച്ചത്. അടിയന്തര സാഹചര്യത്തില്‍ അലിയുടെ കൈക്കൊണ്ട വിവേകപൂര്‍ണ്ണമായ പ്രവര്‍ത്തനത്തെ മേജര്‍ ജനറല്‍ അല്‍ ശംസി പ്രശംസിച്ചു.