തിരൂര്‍- ചീറിപ്പാഞ്ഞുവരുന്നത് വന്ദേഭാരതാണെന്നെന്നും പ്രശ്‌നമേ ആയിരുന്നില്ല. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ തീരുമാനിച്ചാല്‍ കടന്നിരിക്കും; അതും റെയില്‍വേ പ്ലാറ്റ്‌ഫോമില്‍.
സംഗതി നടന്നത് തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ്. ഒറ്റപ്പാലം സ്വദേശിയായ വയോധികന്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിക്കയറുമ്പോള്‍ തൊട്ടപ്പുറത്ത് വന്ദേഭാരത് നീളന്‍ ഹോണടിച്ച് വരുന്നുണ്ടായിരുന്നു. വയോധികന്‍ പ്ലാറ്റ്‌ഫോമിലേക്ക് ചാടിക്കയറിയതും തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ വന്ദേഭാരത് കടന്നു പോയതും ഒന്നിച്ചായിരുന്നു.
തിരൂര്‍ റെയില്‍വേ സറ്റേഷനില്‍ നിന്ന് വന്ദേഭാരതിന്റെ ചീറിപ്പായല്‍ ചിത്രീകരിച്ച ഒരു യാത്രക്കാരന്റെ മൊബൈല്‍ വീഡിയോയിയിലാണ് വയോധികന്റെ തൊട്ടുതൊട്ടില്ലെന്ന മട്ടിലുള്ള രക്ഷപ്പെടല്‍ പതിഞ്ഞത്. വന്ദേഭാരതില്‍ ശ്രദ്ധിച്ചിരുന്ന യാത്രക്കാരന്റെ വീഡിയോയില്‍ രക്ഷപ്പെടുന്ന വയോധികനിലേക്ക് ക്യാമറ പോകാതെ പിന്നീട് ട്രെയിന്‍ കടന്നുപോകുന്നതാണ് കാണുന്നത്. ഇയാളെന്താ ചെയ്യുന്നതെന്നു പറഞ്ഞ് ഒരാള്‍ വയോധികനടുത്തേക്ക് പോകുന്നതും വീഡിയോയിലുണ്ട്.