Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹാജിമാര്‍ക്കായി സഞ്ചരിക്കുന്ന കാപ്‌സ്യൂള്‍ ഹോട്ടല്‍

മക്കയിലെ ഹദ്‌യ ചാരിറ്റബിൾ സൊസൈറ്റി ആരംഭിച്ച മൊബൈൽ കാപ്‌സ്യൂള്‍ ഹോട്ടൽ മുറി.

മക്ക- ഈ വർഷത്തെ ഹജിന് തീർഥാടകരെ ലക്ഷ്യമിട്ട് മൊബൈൽ കാപ്‌സ്യൂള്‍ ഹോട്ടൽ സേവനവും. കുറഞ്ഞ ചെലവിൽ ലക്ഷ്വറി ഹോട്ടൽ മുറികൾ ഒരുക്കുന്ന സേവനം ഹദ്‌യ ചാരിറ്റബിൾ സൊസൈറ്റിയാണ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്.


എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, മീഖാത്തുകൾ പോലെ തിരക്കേറിയ പ്രദേശങ്ങളിൽ തീർഥാടകർക്ക് കുറഞ്ഞ ചെലവിൽ വിശ്രമിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് ലക്ഷ്യമിട്ടാണ് കാപ്‌സ്യൂള്‍ ഹോട്ടൽ സേവനം ആരംഭിച്ചിരിക്കുന്നതെന്ന് ഹദ്‌യ ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ മൻസൂർ അൽ ആമിർ പറഞ്ഞു. 


 

ഹോട്ടൽ മുറികളിൽ ലഭിക്കുന്ന എല്ലാവിധ സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കി കിടപ്പുമുറികളുടെ വലിപ്പം സാധ്യമായത്ര കുറക്കുകയാണ് കാപ്‌സ്യൂള്‍  ഹോട്ടൽ ആശയം ചെയ്യുന്നത്. 

ഒന്നിനു മുകളിൽ ഒന്നായി രണ്ടു ക്യാപ്‌സൂളുകളാണ് സ്ഥാപിക്കുക. മുകളിലെ കാപ്‌സ്യൂളിലേക്ക് കയറുന്നതിന് ഗോവണിയുണ്ട്. താമസക്കാരുടെ ലഗേജുകൾ ക്യാപ്‌സൂളുകൾക്ക് പുറത്തുള്ള ലോക്കറിലാണ് സൂക്ഷിക്കുക. ക്യാപ്‌സൂളിന്റെ ഡോർ മാഗ്നറ്റിക് കാർഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് തുറക്കുന്നതിന് സാധിക്കും. വൈദ്യുതി തകരാറുകളുള്ളപ്പോൾ ക്യാപ്‌സൂളിന്റെ ഡോർ ഓട്ടോമാറ്റിക് ആയി തുറക്കും. ക്യാപ്‌സൂളുകളോട് ചേർന്ന് വേറിട്ട ടോയ്‌ലെറ്റ് സൗകര്യങ്ങളുമുണ്ടാകും. 

കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഇസ്തിരിയിടുന്നതിനും ലഗേജുകൾ സൂക്ഷിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങൾ കാപ്‌സ്യൂള്‍ ഹോട്ടൽ തീർഥാടകർക്ക് ഒരുക്കും. ഈ വർഷത്തെ ഹജിന് 24 ക്യാപ്‌സൂൾ ഹോട്ടലുകളാണ് പ്രവർത്തിപ്പിക്കുക. പദ്ധതി എത്രമാത്രം വിജയകരമാണ് എന്നതിനെ കുറിച്ച് ഹജ്, ഉംറ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ട് പഠനം നടത്തും. പഠന റിപ്പോർട്ട് ഹജിനു ശേഷം പരസ്യപ്പെടുത്തും. 

ക്യാപ്‌സൂൾ ഹോട്ടൽ സ്ഥാപിക്കുന്നതിന് മിനായിൽ ഒരു സ്ഥലം തെരഞ്ഞെടുക്കും. വഴി തെറ്റുന്ന തീർഥാടകർക്കും പ്രായാധിക്യം ചെന്നവർക്കും വിശ്രമം ആവശ്യമുള്ളവർക്കും ഇവിടെ താമസം നൽകും.

കഴിഞ്ഞ റമദാനിൽ അവസാന പത്തിൽ വിശുദ്ധ ഹറമിനു സമീപം ഹദ്‌യ ചാരിറ്റബിൾ സൊസൈറ്റി ആസ്ഥാനത്താണ് ക്യാപ്‌സൂൾ ഹോട്ടലുകൾ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചത്. അന്ന് ചില പോരായ്മകൾ ശ്രദ്ധയിൽ പെട്ടിരുന്നു. അവക്ക് പരിഹാരം കണ്ടിട്ടുണ്ടെന്നും മൻസൂർ അൽ ആമിർ പറഞ്ഞു. പ്ലാസ്റ്റിക്കും ഫൈബർ ഗ്ലാസും ഉപയോഗിച്ചാണ് 220 സെന്റീമീറ്റർ നീളവും 120 സെന്റീമീറ്റർ വീതിയും 120 സെന്റീമീറ്റർ ഉയരവുമുള്ള ക്യാപ്‌സൂൾ ഹോട്ടൽ മുറികൾ നിർമിച്ചിരിക്കുന്നത്. 
 

Latest News