കൊച്ചി- മൊബൈല്‍ ഫോണിലൂടെയുള്ള ലൈംഗിക കുറ്റങ്ങള്‍ കൂടി വരികയാണെന്നും ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെ. സോമന്‍ പറഞ്ഞു.
ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം കുട്ടികള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെയോ ജുവനൈല്‍ സ്‌പെഷ്യല്‍ പോലീസിനെയോ അറിയിക്കണം. മറച്ചുവയ്ക്കുന്നത് പോക്‌സോ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. അത്തരം സാഹചര്യങ്ങളില്‍ മറ്റു താല്‍പര്യങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കരുതെന്നും കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച് കുട്ടികള്‍, രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളെ ബോധവത്ക്കരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ അറിഞ്ഞാലും വിവരം പോലീസിനെ അറിയിക്കണം.
എറണാകുളം ഹോട്ടല്‍ അബാദ് പ്ലാസയില്‍ സംഘടിപ്പിച്ച സെമിനാറില്‍ ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി മനോജ്, കമ്മിഷന്‍ അംഗങ്ങളായ ടി.സി ജലജ മോള്‍, എന്‍. സുനന്ദ, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍പങ്കെടുത്തു.