കൊച്ചി- ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ കുട്ടികളെ തിരിച്ചറിയുന്ന രീതിയില്‍ വാര്‍ത്തകളില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ എത്രവര്‍ഷം കഴിഞ്ഞ് പരാതി ലഭിച്ചാലും പോക്‌സോ നിയമപ്രകാരം ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെ. സോമന്‍ പറഞ്ഞു.
മാധ്യമങ്ങളും കുട്ടികളുടെ സംരക്ഷണവും പോക്‌സോ ബാലനീതി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ എന്ന വിഷയത്തില്‍ കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ എറണാകുളത്ത് സംഘടിപ്പിച്ച മാധ്യമ ബോധവത്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപദ്രവിക്കപ്പെട്ട കുട്ടികളുടെ സ്വകാര്യത ഹനിക്കാത്ത രീതിയില്‍ വാര്‍ത്തകള്‍ തയ്യാറാക്കാന്‍ ജാഗ്രത പാലിക്കണം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിരവധി നിയമങ്ങള്‍ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. കുട്ടികള്‍ ഉള്‍പ്പെടുന്ന കേസുകള്‍ പ്രത്യേകമായി പരിഗണിക്കുന്നതിനായി ചില്‍ഡ്രന്‍സ് കോര്‍ട്ട് ഉള്‍പ്പെടെ അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും കീഴില്‍ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2015 ലെ ബാലനീതി ആക്ട് , 2012 ലെ പോക്‌സോ ആക്ട് പ്രകാരം കുട്ടികളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുമ്പോള്‍ അവരുടെ സ്വകാര്യത, അന്തസ്, ശാരീരികവും വൈകാരികവുമായ വികാസം എന്നിവ സംരക്ഷിക്കേണ്ടത് ഓരോ മാധ്യമങ്ങളുടെയും ഉത്തരവാദിത്തമാണ്. ആധികാരികമായ വിവരങ്ങള്‍ ലഭിക്കാതെ വാര്‍ത്ത നല്‍കരുത്. കുട്ടികള്‍ക്ക് ഭരണഘടന നല്‍കുന്ന സംരക്ഷണം നല്‍കാനും മാധ്യമ പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.