റിയാദ്- രാജ്യതലസ്ഥാനത്ത് പ്രവർത്തിക്കുന്ന അനധികൃത മൃഗശാല അധികൃതർ അടച്ചുപൂട്ടി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മൃഗശാലയാണ്
നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് അടച്ചുപൂട്ടിയത്. ജീവികളെ ലൈസൻസില്ലാതെ പ്രദർശിപ്പിക്കുകയും നിയമവിരുദ്ധമായി കൈവശം വെക്കുകയും ചെയ്തതിന് സ്ഥാപനം നടത്തിയവർക്കെതിരെ കേസെടുത്തു. പരിസ്ഥിതി വ്യവസ്ഥ ലംഘിച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
ഇരപിടിയൻ പക്ഷികളും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളും ഉൾപ്പെടെ 100ലധികം വന്യമൃഗങ്ങളും വിവിധയിനം പക്ഷികളും ഇവിടെ ഉണ്ടായിരുന്നു. സ്ഥാപനത്തിനെതിരെ നിയന്ത്രണ നടപടിക്രമങ്ങൾ പ്രയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പിടികൂടിയ മൃഗങ്ങളെ ഷെർട്ടർ യൂണിറ്റിലേക്ക് മാറ്റി. പരിസ്ഥിതി വ്യവസ്ഥയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.