Sorry, you need to enable JavaScript to visit this website.

റിയാദ് അറബ് ഇസ്ലാമിക് ഉച്ചകോടി; പ്രമേയങ്ങളെ പിന്തുണക്കുന്നതായി മുസ്ലിം വേൾഡ് ലീഗ്

റിയാദ്- സൗദി അറേബ്യയുടെ ക്ഷണ പ്രകാരം കഴിഞ്ഞ ദിവസം റിയാദിൽ നടന്ന അറബ് ഇസ്ലാമിക രാജ്യങ്ങളുടെ അസാധാരണ സംയുക്ത ഉച്ചകോടിയിൽ പാസാക്കിയ പ്രമേയങ്ങളെ പരിപൂർണ്ണമായി പിന്തുണക്കുന്നതായി മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ജനറൽ ഡോ മുഹമ്മദ് ബിൻ അബ്ദുൾ കരീം അൽ ഈസ പറഞ്ഞു. ഫലസ്തീൻ ജനതയുടെ ന്യാമായ ആവശ്യങ്ങൾ അംഗീകരിച്ചു നൽകുന്നതിന് പകരം ഒരു സമൂഹത്തെ ആകമാനം ക്രൂരമായ വംശഹത്യക്കിരയാക്കുകയും അതിനു പിന്തുണ നൽകുകയും ചെയ്യുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാടിനെയും ശക്തമായി വിമർശിക്കുന്ന പ്രമേയം
ഗാസയിൽ നടക്കുന്ന മനുഷ്യക്കുരുതി ഉടനടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഗാസക്കെതിരെ ഒരു പതിറ്റാണ്ടായി ഏർപ്പെടുത്തിയിരിക്കുന്ന അന്യായമായ ഉപരോധം അവസാനിപ്പിക്കാൻ പ്രമേയം ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശവും സ്വാതന്ത്ര്യവും സമൂഹങ്ങളുടെ ഭാഷയും മതവുമായി ബന്ധപ്പെടുത്തി വിവേചനം കാണിക്കുന്നതും അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപിക്കുമെന്നും അൽ ഈസ കുറ്റപ്പെടുത്തി.
ഫലസ്തീൻ ജനതയുടെ ന്യായമായ ആവശ്യങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ ശക്തമായി കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര വേദികളിൽ  ഉന്നയിക്കുന്നതിനും ഇരു  ഹറമുകളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനിന്റെ യും നീക്കങ്ങളിൽ  മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി നന്ദി അറിയിക്കുകയും ചെയ്തു

ഫലസ്തീൻ ജനതയെ കൊന്നൊടുക്കാൻ ഇസ്രായിൽ സൈന്യവും ജൂത കുടിയേറ്റക്കാരും ഉപയോഗിക്കുന്ന ആയുധങ്ങളും യുദ്ധസാമഗ്രികളും ഇസ്രായിലിലേക്ക് കയറ്റി അയക്കുന്നത് മുഴുവൻ രാജ്യങ്ങളും നിർത്തണമെന്ന് സംയുക്ത അറബ്, ഇസ്‌ലാമിക് ഉച്ചകോടി അംഗീകരിച്ച സമാപനപ്രഖ്യാപനം ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതക്കെതിരെ നടത്തുന്ന യുദ്ധക്കുറ്റങ്ങളിലും മാനവികക്കെതിരായ കുറ്റകൃത്യങ്ങളിലും ഇസ്രായിലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ അന്വേഷണം പൂർത്തിയാക്കണം. അന്താരാഷ്ട്ര നിയമങ്ങൾ നടപ്പാക്കുന്നതിലെ ഇരട്ടത്താപ്പിനെ അപലപിക്കുന്നതായും സമാപന പ്രഖ്യാപനം പറഞ്ഞു. 
ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കൽ, ഉപരോധം എടുത്തുകളയൽ, നിർബന്ധിത കുടിയൊഴിപ്പിക്കൽ അപലപിക്കൽ, സാധാരണക്കാരായ ബന്ദികളെയും തടവുകാരെയും വിട്ടയക്കൽ, സമാധാന പ്രക്രിയക്ക് അന്താരാഷ്ട്ര സമൂഹം സത്വര നടപടികളെടുക്കൽ, സമാധാന പ്രക്രിയക്ക് തുടക്കം കുറിക്കാൻ എത്രയും വേഗം അന്താരാഷ്ട്ര സമാധാന സമ്മേളനം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്യൽ എന്നിവ അടക്കം 31 തീരുമാനങ്ങളാണ് സമാപന പ്രഖ്യാപനത്തിൽ അടങ്ങിയിരിക്കുന്നത്.
 

Latest News