തിരുവനന്തപുരം- ഇ.പി.ജയരാജന്റെ മന്ത്രിസഭയിലേക്കുള്ള മടക്കം ചർച്ച ചെയ്യുന്നതിനുള്ള സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന്. ജയരാജന്റെ മടങ്ങി വരവിനൊപ്പം മന്ത്രിമാരുടെ വകുപ്പുകളിൽ അഴിച്ചു പണിയുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്ന 19ന് മുമ്പ് തന്നെ ജയരാജന്റെ സത്യപ്രതിജ്ഞയുണ്ടാകും. വ്യവസായ വകുപ്പ് തന്നെയാകും ജയരാജന് ലഭിക്കുക. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോൾ മുഖ്യമന്ത്രിക്ക് കീഴിലുള്ള വകുപ്പുകളുടെ ചുമതലയും ജയരാജനായിരിക്കും. മന്ത്രിമാരുടെ അംഗസംഖ്യ 19ൽ നിന്ന് ഉയർത്തുന്നതിനോട് വിയോജിപ്പുള്ള സി.പി.ഐക്കും ഒരു പദവി നൽകും. ചീഫ്‌വിപ്പ് പദവിയാണ് പ്രധാനമായും പരിഗണിക്കുന്നത്. ക്യാബിനറ്റ് റാങ്കുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്നത്തെ സി.പി.എം സംസ്ഥാന സമിതിക്ക് ശേഷം നാളെ സി.പി.ഐയുമായി ഉഭയകക്ഷി ചർച്ച നടത്തും. ജയരാജന്റെ മടങ്ങിവരവ് സംബന്ധിച്ച് ഇന്നത്തെ സംസ്ഥാന സമിതിയിൽ വ്യക്തത വരുമെന്ന് പി.ബി അംഗം എസ്.രാമചന്ദ്രൻപിള്ള പ്രതികരിച്ചു.
മന്ത്രിമാരുടെ എണ്ണം കൂട്ടുകയാണെങ്കിൽ തങ്ങൾക്കും ഒരു പദവി വേണമെന്ന ആവശ്യം സി.പി.ഐ നേരത്തെ തന്നെ മുന്നോട്ടു വെച്ചതാണ്. തർക്കമില്ലാതെ ജയരാജന്റെ പുനഃപ്രവേശം നടത്തണമെന്നാണ് സി.പി.എമ്മും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിൽ സി.പി.ഐയെ കൂടി വിശ്വാസത്തിലെടുത്താകും തീരുമാനം. സി.പി.ഐക്ക് ചീഫ്‌വിപ്പ് പദവിയെന്ന നിർദേശമാണ് സി.പി.എം പരിഗണിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ചീഫ്‌വിപ്പ് പദവി ഉണ്ടായിരുന്നെങ്കിലും എൽ.ഡി.എഫ് വന്നതോടെ ഇതൊഴിവാക്കി. അന്ന് കാബിനറ്റ് റാങ്ക് നൽകി പി.സി.ജോർജിനെയാണ് ചീഫ്‌വിപ്പ് ആക്കിയിരുന്നത്. ചീഫ്‌വിപ്പിന്റെ ചുമതലയിൽ വരുന്ന പാർലമെന്ററികാര്യ വകുപ്പിന്റെ ചുമതല നിലവിൽ എ.കെ.ബാലനാണ്. ചീഫ്‌വിപ്പിനെ നിയോഗിച്ച് ഈ വകുപ്പ് സി.പി.ഐക്ക് നൽകേണ്ടി വന്നാൽ നിലവിൽ ഒന്നിലധികം വകുപ്പുള്ള സി.പി.ഐ മന്ത്രിമാരിൽ നിന്ന് ഒരെണ്ണം സി.പി.എം തിരിച്ചെടുത്തേക്കും. ചീഫ് വിപ്പ് പദവി ലഭിക്കുകയാണെങ്കിൽ ചിറ്റയം ഗോപകുമാറിനെയാകും സി.പി.ഐ പരിഗണിക്കുക.
ജയരാജൻ കൂടി എത്തുന്നതോടെ മന്ത്രിമാരുടെ എണ്ണം ഇരുപതാകും. വ്യവസായം ജയരാജന് നൽകിയാൽ മറ്റു മന്ത്രിമാരുടെ വകുപ്പുകളിലും കാര്യമായ അഴിച്ചു പണിയുണ്ടാകും. തിങ്കളാഴ്ച ഇടതുമുന്നണി യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ജയരാജൻ രാജിവെച്ചതോടെ വ്യവസായവകുപ്പിന്റെ ചുമതല നൽകിയത് എ.സി.മൊയ്തീനാണ്. ഇതിൽ മാറ്റം വരും. വൈദ്യുതി വകുപ്പിൽ നിന്ന് കടകംപള്ളി സുരേന്ദ്രനെ മാറ്റിയാണ് എം.എം.മണിയെ നിയോഗിച്ചത്. സഹകരണവകുപ്പാണ് കടകംപള്ളിക്ക് അന്ന് പകരം നൽകിയിരുന്നത്. കെ കെ.ശൈലജക്ക് പുതുതായി രൂപവത്കരിച്ച വനിതാ വികസന വകുപ്പിന്റെ ചുമതല നൽകിയതിനാൽ അവരുടെ കൈവശമുള്ള സാമൂഹ്യനീതി വകുപ്പ് തിരിച്ചെടുക്കാൻ സാധ്യതയുണ്ട്. കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് തുറമുഖ വകുപ്പ് ഏറ്റെടുത്ത് മറ്റൊന്ന് നൽകുന്നതും പരിഗണിക്കുന്നു.