തൃശൂര്‍ - നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയത് സംബന്ധിച്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പ് ഡയറക്ടറോടാണ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൃശൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കാന്‍ പ്രാര്‍ത്ഥന നടത്തിയത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. ഓഫീസ് സമയം തീരും മുമ്പായിരുന്നു ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കാന്‍ പ്രാര്‍ത്ഥന നടന്നത്. ഓഫീസിലുണ്ടായിരുന്ന വൈദിക വിദ്യാര്‍ത്ഥിയാണ് പ്രാര്‍ത്ഥനയ്ക്ക് കാര്‍മ്മികത്വം വഹിച്ചത്. പ്രാര്‍ത്ഥന നടന്നതെന്ന് ശിശു സംരക്ഷണ ഓഫീസര്‍ ബിന്ദു സമ്മതിച്ചു. അഞ്ച് മിനിട്ടുകൊണ്ട് പ്രാര്‍ത്ഥന അവസാനിച്ചെങ്കിലും ഓഫീസില്‍ നിന്ന് കരാര്‍ ജീവനക്കാര്‍ വിട്ടു പോകാന്‍ തുടങ്ങിയതോടെയാണ് പ്രാര്‍ത്ഥന ഫലിക്കുകയാണോ എന്ന് കളിയാക്കല്‍ വന്ന് തുടങ്ങിയത്. ഇതോടെയാണ് രഹസ്യ പ്രാര്‍ത്ഥനയുടെ വിവരം പുറം ലോകമറിഞ്ഞത്.