Sorry, you need to enable JavaScript to visit this website.

ഇംഗ്ലിഷ് പ്രീമിയർ ലീഗിന് ഇന്ന് കിക്കോഫ്

റയൽ മഡ്രീഡിൽ ചേർന്ന ചെൽസിയുടെ ബെൽജിയം ഗോൾകീപ്പർ തിബൊ കോർടവ പുതിയ ജഴ്‌സിയിൽ മുത്തമിടുന്നു.

ലണ്ടൻ - ലോകകപ്പ് ഫുട്‌ബോളിന്റെ ഹാംഗോവർ മാറും മുമ്പെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിന് ഇന്ന് കളമുണരുന്നു. ഉദ്ഘാടന ദിനത്തിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡും ലെസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. ലോകകപ്പിന് തിരശ്ശീല വീണ് ഒരു മാസം പിന്നിടും മുമ്പാണ് പ്രീമിയർ ലീഗ് തുടങ്ങുന്നത്. ലോകകപ്പിൽ പങ്കെടുത്ത പല കളിക്കാരും ടീമുകൾക്കൊപ്പം ചേരുന്നതേയുള്ളൂ. കളിക്കാരുടെ ട്രാൻസ്ഫർ ജാലകം ഇന്നലെ രാത്രിയാണ് അവസാനിച്ചത്. അതിനാൽ തന്നെ ചില ക്ലബ്ബുകളുടെയെങ്കിലും അന്തിമ താരനിരയെക്കുറിച്ച ചിത്രം വ്യക്തമാവുന്നതേയുള്ളൂ, പ്രത്യേകിച്ചും മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ. കോച്ച് ജോസെ മൗറിഞ്ഞോയുടെ മുറുമുറുപ്പുകൾ സൃഷ്ടിച്ച അസ്വാരസ്യത്തോടെയാണ് യുനൈറ്റഡ് തുടങ്ങുക. ഇഷ്ടപ്പെട്ട കളിക്കാരെ കിട്ടിയില്ലെന്നതാണ് യുനൈറ്റഡിൽ കോച്ചിനെ അസ്വസ്ഥനാക്കുന്നത്. ബ്രസീലിന്റെ ഇന്റർനാഷനൽ മിഡ്ഫീൽഡർ ഫ്രെഡും പോർചുഗീസ് ഫുൾബാക്ക് ഡിയോഗൊ ദലോതുമാണ് യുനൈറ്റഡിൽ ഈ സീസണിൽ എത്തിയ എടുത്തുപറയാവുന്ന താരങ്ങൾ. മറ്റു ക്ലബ്ബുകളൊക്കെ ടീമിനെ ശക്തിപ്പെടുത്തുകയാണെന്നും അറച്ചു നിൽക്കുകയാണെങ്കിൽ ഈ സീസൺ ബുദ്ധിമുട്ടേറിയതായിരിക്കുമെന്നും മൗറിഞ്ഞൊ ക്ലബ്ബുടമകളെ പരസ്യമായി ഉണർത്തി. ക്യാപ്റ്റൻ ആന്റോണിയൊ വലൻസിയ, ആന്റണി മാർഷ്യാൽ, പോൾ പോഗ്ബ എന്നിവരുമായി കോച്ചിന്റെ ബന്ധം വഷളായിരിക്കുകയുമാണ്. 
നിരവധി കളിക്കാരുടെ പരിക്കും സീസണിന്റെ തുടക്കത്തിൽ യുനൈറ്റഡിന്റെ അലട്ടും. പോൾ പോഗ്ബ, റൊമേലു ലുകാകു, മാർക്കസ് റാഷ്ഫഡ് എന്നീ പ്രമുഖ കളിക്കാരൊന്നും പ്രി സീസൺ പര്യടനത്തിൽ ടീമിനൊപ്പമുണ്ടായിരുന്നില്ല. 
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളുമാണ് കിരീടസാധ്യതയിൽ മുന്നിൽ. 17 കോടി പൗണ്ട് ചെലവിട്ട ലിവർപൂൾ ബ്രസീൽ ഗോൾകീപ്പർ അലിസൺ ബെക്കർ, മിഡ്ഫീൽഡർമാരായ ഫാബിഞ്ഞൊ, നബി കെയ്റ്റ, ഷെർദാൻ ശഖീരി എന്നിവരെ കൊണ്ടുവന്നു. ലിവർപൂൾ ഞായറാഴ്ച വെസ്റ്റ്ഹാമിനെതിരെയാണ് തുടങ്ങുക. നെതർലാന്റ്‌സും ഗ്വിനിയും ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലാത്തതിനാൽ വിർജിൽ വാൻ ഡിക്, നബി കെയ്റ്റ എന്നിവരും ബ്രസീൽ ടീമിൽ സ്ഥാനം കിട്ടിയിട്ടില്ലാത്തതിനാൽ ഫാബിഞ്ഞോയും വിശ്രമത്തിലായിരുന്നു. ഈജിപ്തും സെനഗലും ആദ്യ റൗണ്ടിൽ പുറത്തായതിനാൽ മുഹമ്മദ് സലാഹ്, സാദിയൊ മാനെ എന്നിവർക്കും വിശ്രമത്തിന് അവസരം കിട്ടി. കഴിഞ്ഞ സീസണിൽ സിറ്റിക്കെതിരായ നാലു കളികളിൽ മൂന്നും ലിവർപൂൾ ജയിച്ചിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ 5-1 നായിരുന്നു ലിവർപൂൾ എതിരാളികളെ തരിപ്പണമാക്കിയത്. എന്നാൽ ലിവർപൂളിനെക്കാൾ 25 പോയന്റ് മുന്നിലെത്തി ലീഗ് കിരീടം സ്വന്തമാക്കാൻ സിറ്റിക്കു സാധിച്ചു. 
സിറ്റി കാര്യമായി ട്രാൻസ്ഫർ മാർക്കറ്റിൽ ഇറങ്ങിക്കളിച്ചിട്ടില്ല. ക്ലബ് റെക്കോർഡ് തുകക്ക് റിയാദ് മെഹ്‌റേസിനെ വാങ്ങിയതാണ് പ്രധാന നേട്ടം. ഒമ്പത് വർഷം മുമ്പ് യുനൈറ്റഡാണ് അവസാനമായി പ്രീമിയർ ലീഗ് നിലനിർത്തിയത് എന്നത് സിറ്റിക്ക് പാഠമായിരിക്കും. എന്നാൽ ലോകകപ്പിനു ശേഷം നിരവധി പ്രമുഖ താരങ്ങൾ വിശ്രമത്തിലായിരുന്നിട്ടും കമ്യൂണിറ്റി ഷീൽഡിൽ ചെൽസിയെ 2-0 ന് തോൽപിച്ച് സിറ്റി കരുത്തു തെളിയിച്ചു കഴിഞ്ഞു. ഞായറാഴ്ച ആഴ്‌സനലിന്റെ ഗ്രൗണ്ടിലാണ് സിറ്റി പടയോട്ടം ആരംഭിക്കുക. ആഴ്‌സൻ വെംഗർ യുഗത്തിനു ശേഷം പുതിയ കുതിപ്പിനൊരുങ്ങുകയാണ് ആഴ്‌സനൽ. ഉനായ് എമറിയാണ് പുതിയ കോച്ച്. പ്രി സീസണിൽ അവരുടെ മിക്ക കളിക്കാരും ടീമിനൊപ്പമുണ്ടായിരുന്നു. പ്രത്യേകിച്ചും പിയറി എമറിക് ഓബമെയാംഗ്, ഹെൻറിക് മിഖിതാര്യൻ, മെസുത് ഓസിൽ, അലക്‌സാണ്ടർ ലെക്കാസെറ്റെ എന്നീ മുൻനിര താരങ്ങൾ. 
ചെൽസിയും പുതിയ കോച്ച് മൗറിസിയൊ സാരിക്കു കീഴിലാണ് ഇത്തവണ അങ്കം വെട്ടുക. ഗോൾകീപ്പർ തിബൊ കോർട്‌വ റയൽ മഡ്രീഡിലേക്ക് കൂടുമാറിയതാണ് ചെൽസിയുടെ പ്രധാന നഷ്ടം. അത്‌ലറ്റിക്കൊ ബിൽബാവോയുടെ കെപ അരിസബലാഗയെ ഏറ്റവും വിലപിടിപ്പുള്ള ഗോൾകീപ്പറായി കൊണ്ടുവന്നാണ് നഷ്ടം പരിഹരിച്ചത്. ഊഹാപോഹങ്ങൾക്കിടയിലും എഡൻ ഹസാഡ്, വില്യൻ, എൻഗോലൊ കാണ്ടെ എന്നിവരെ നിലനിർത്താനായതും ചെൽസിക്ക് നേട്ടമാണ്. 
ടോട്ടനം പുതിയ സ്റ്റേഡിയത്തിലാണ് സീസൺ തുടങ്ങുക. അവർ ഒരു കളിക്കാരനെ പോലും പുതുതായി ടീമിലെടുത്തിട്ടില്ല. ലോകകപ്പിൽ തിളങ്ങിയ ഹാരി കെയ്ൻ, ഹ്യൂഗൊ ലോറീസ്, ക്രിസ്റ്റ്യൻ എറിക്‌സൻ തുടങ്ങിയ വൻ താരനിരയുള്ള ടോട്ടനമിനെ എഴുതിത്തള്ളാനാവില്ല. വുൾവർഹാംപ്റ്റനും കാർദിഫ് സിറ്റിയും ഫുൾഹമുമാണ് ഈ സീസണിൽ സ്ഥാനക്കയറ്റം നേടിയ ടീമുകൾ. വെസ്റ്റ്‌ബ്രോംവിച് ആൽബിയോൺ, സ്വാൻസി, സ്റ്റോക് സിറ്റി എന്നിവ തരംതാഴ്ത്തപ്പെട്ടു. 
 

Latest News