കോഴിക്കോട് - കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ എം പിയെ പങ്കെടുപ്പിക്കില്ല. പരിപാടിയില്‍ പ്രസംഗിക്കുന്നവരുടെ ലിസ്റ്റില്‍ ശശി തൂരിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. മുസ്‌ലീം ലീഗ് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഹമാസ് തീവ്രവാദി സംഘടനയാണെന്ന് തരൂര്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
നവംബര്‍ 23ന് കോഴിക്കോട്ട് നടക്കുന്ന കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ റാലി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഉദ്ഘാടനം ചെയ്യുക, കെ സുധാകരന്‍ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കൂടാതെ മുസ്‌ലീം ലീഗില്‍ നിന്ന് സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമാകും പ്രസംഗിക്കുക. മറ്റ് ഘടകക്ഷി നേതാക്കളെയും സാമുദായിക നേതാക്കളെയും പ്രാസംഗികരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. പ്രവര്‍ത്തക സമിതി അംഗമെന്ന രീതിയില്‍ ശശി തരൂര്‍ എത്തിയാല്‍ പല പ്രഭാഷകരില്‍ അവസാന ഊഴം നല്‍കിയേക്കും. എന്നാല്‍ അദ്ദേഹം എത്താന്‍ സാധ്യതയില്ലെന്നാണ് സൂചന. മുസ്‌ലീം ലീഗ് റാലിയിലെ പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ വീണ്ടും അദ്ദേഹത്തെ കൊണ്ട് വരേണ്ടതില്ലെന്നാണ് കെ സുധാകരനും സതീശനും അടക്കമുള്ള നേതാക്കളുടെ നിലപാട് .കെ മുരളീധരനും എം എം ഹസ്സനും അടക്കമുള്ളവര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ് ഉള്ളത്.