കോഴിക്കോട് - സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ രൂക്ഷ വിമർശവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുല്ലാക്കമാരെ മാത്രം വിളിച്ചാണ് സി.പി.എം ഫലസ്തീൻ അനുകൂല യോഗം നടത്തിയതെന്നും ഊശാൻ താടിക്കാരും അരിപ്പ തൊപ്പിക്കാരുമാണ് യോഗത്തിൽ പങ്കെടുത്തതെന്നും സുരേന്ദ്രൻ അധിക്ഷേപിച്ചു.
മുഖ്യമന്ത്രി കഴിഞ്ഞദിവസം വിളിച്ചുചേർത്ത ഹമാസ് അനുകൂല സമ്മേളനത്തിൽ അരിപ്പ തൊപ്പിക്കാരും മുല്ലാക്കമാരും മാത്രമാണുണ്ടായിരുന്നത്. ഇത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മൗലവി (സി.പി.ഐ.എം) ആണോ എന്ന സംശയമുണ്ടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പിണറായിയും സി.പി.എമ്മും നടത്തുന്ന ദുഷ്ടലാക്ക് തിരിച്ചറിയാൻ കഴിയാത്ത ഒരേയൊരു കൂട്ടർ കേരളത്തിലെ കോൺഗ്രസ് മാത്രമാണ്. ഫലസ്തീൻ-ഇസ്രായിൽ വിഷയത്തിന്റെ മറവിലുള്ള ഹമാസ് അജണ്ടയാണ് പിണറായിയുടെയും ഇടതുപക്ഷത്തിന്റെയും അജണ്ട. പിണറായി വിജയന്റെ അജണ്ട അതുപോലെ നടപ്പാക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിൽ കോൺഗ്രസിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുകയാണ്. എങ്ങോട്ടാണ് ഈ പോക്ക് പോകുന്നതെന്ന് സതീശനും സുധാകരനും മനസിലാക്കിയില്ലങ്കിൽ അവരുടെ ഗതി എന്താകുമെന്ന് ഏതാനും മാസം കഴിയുമ്പോൾ നമുക്ക് മനസിലാകും. ഹമാസിനെ വെള്ള പൂശുന്നത് നാടിന് നല്ലതല്ല. അത് വർധിച്ചുവരുന്ന ഭീകരവാദത്തെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ. പിണറായി വിജയന്റെ അജണ്ട തൊണ്ട തൊടാതെ വിഴുങ്ങാനാണെങ്കിൽ എന്തിനാണ് ഇവിടെയൊരു പ്രതിപക്ഷം? എന്തുകൊണ്ടാണ് ഫലസ്തീൻ സമ്മേളനങ്ങൾ കോഴിക്കോട്ട് മാത്രം നടക്കുന്നത്? മറ്റ് സാമുദായിക നേതാക്കന്മാരെ സമ്മേളനത്തിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണ്? അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെക്കാനുള്ള അടവ് മാത്രമാണിത്. മുഖ്യമന്ത്രി ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടാനാണിതെല്ലാം കാട്ടിക്കൂട്ടുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.