ലണ്ടൻ - ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിലെ പ്രായം കുറഞ്ഞ കളിക്കാരനായിരുന്ന ഓസ്‌ട്രേലിയയുടെ ഇറാൻ വംശജൻ ഡാനിയേൽ അർസാനി മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നു. മെൽബൺ സിറ്റി കളിക്കാരനായ പത്തൊമ്പതുകാരൻ ഓസ്‌ട്രേലിയ ഏറെ പ്രതീക്ഷ വെക്കുന്ന കളിക്കാരിലൊരാളാണ്. മെൽബൺ സിറ്റിയും മാഞ്ചസ്റ്റർ സിറ്റിയും അബുദാബി രാജകുടുംബാംഗങ്ങൾക്കു കീഴിലാണ്. തൽക്കാലം മറ്റേതെങ്കിലും ക്ലബ്ബിന് അർസാനിയെ ലോണിന് നൽകി വളർച്ചക്ക് വഴിയൊരുക്കാനാണ് ശ്രമിക്കുകയെന്ന് മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു.
ലോകകപ്പിൽ ഓസ്‌ട്രേലിയക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു അർസാനി. ഇറാനിലെ ഖുറാമാബാദിൽ തെരുവ് ഫുട്‌ബോൾ കളിച്ചാണ് അർസാനി വളർന്നത്. അർസാനിക്ക് ആറ് വയസ്സുള്ളപ്പോൾ കുടുംബം ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. 2016 ൽ മെൽബൺ സിറ്റിയിൽ ചേർന്നു. കഴിഞ്ഞ സീസണിൽ എ ലീഗിലെ മികച്ച യുവ താരമായി. ചെറിയ കാലയളവിൽ അർസാനി മികച്ച കളിക്കാരിലൊരാളായതായി സിറ്റി ഗ്രപ്പ് ഗ്ലോബൽ മാനേജിംഗ് ഡയരക്ടർ ബ്രയാൻ മാർവുഡ് പറഞ്ഞു.