തിരുവനന്തപുരം - സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും രാജ്ഭവനിലെ ചെലവിനത്തില്‍ രണ്ട് കോടിയിലേറെ രൂപ അധികം ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിഥി സല്‍ക്കാര ചെലവുകളിലടക്കം വന്‍ വര്‍ധനയാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ആറ് ഇനങ്ങളിലാണ് 36 ഇരട്ടി വരെ വര്‍ധന സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് വിവരം. അതിഥികള്‍ക്കായുള്ള ചെലവുകള്‍ ഇരുപത് ഇരട്ടി വര്‍ധിപ്പിക്കുക, വിനോദ ചെലവുകള്‍ 36 ഇരട്ടിയാക്കുക, ടൂര്‍ ചെലവുകള്‍ ആറര ഇരട്ടി വര്‍ധിപ്പിക്കുക, കോണ്‍ട്രാക്ട് അലവന്‍സ് ഏഴ് ഇരട്ടി ഉയര്‍ത്തുക, ഓഫീസ് ചെലവുകള്‍ ആറേകാല്‍ ഇരട്ടി വര്‍ധിപ്പിക്കുക, ഓഫീസ് ഫര്‍ണിച്ചറുകളുടെ നവീകരണ ചെലവ് രണ്ടര ഇരട്ടി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവര്‍ണേഴ്സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് അനുസരിച്ച് ഈ ആറിനങ്ങളില്‍ നല്‍കേണ്ട തുകയുടെ പരിധി വര്‍ഷത്തില്‍ 32 ലക്ഷം രുപയാണ്. എന്നാല്‍, വര്‍ഷം 2.60 കോടി രൂപ നല്‍കണമെന്നാണ് രാജ്ഭവനില്‍നിന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.