കോഴിക്കോട്-കോവിഡും നിയന്ത്രണങ്ങളുമെല്ലാം വിട്ടൊഴിഞ്ഞ സമ്പൂര്‍ണ ദീപാവലി ആഘോഷ വേളയില്‍ കോളടിച്ചത് ചെറുതും വലുതുമായ ബേക്കറികള്‍. നഗരത്തിലെ ബേക്കറികളിലെല്ലാം ചൂടപ്പം പോലെയാണ് ദീപാവലി മിഠായി പൊതികള്‍ വിറ്റഴിഞ്ഞത്. ഏറ്റവും ജനകീയമായ ഷോപ്പുകളില്‍ അര കിലോ നൂറ് രൂപയ്ക്ക് വരെ സ്വീറ്റ്‌സ് ലഭ്യമായി. ഇടത്തരം കടകള്‍ കിലോ മുന്നൂറ് നിരക്കിലും വിറ്റു. ബ്രാന്‍ഡ് നെയിം പോപ്പുലറായ ബീച്ചിലേയും മിഠായിതെരുവിലേയും ചില കടകളില്‍ ഇതിലും ഉയര്‍ന്ന നിരക്കുകളിലാണ് ദീപാവലി മിഠായി പൊതികള്‍ റെഡിയാക്കിയത്. അവിടെയും ആവശ്യക്കാര്‍ക്ക് ഒരു പഞ്ഞവുമില്ല. സി.പി.എമ്മിന്റെ ഫലസ്തീന്‍ റാലിയ്‌ക്കെത്തിയവരും തിരികെ പോകുമ്പോള്‍ ദീപാവലി മിഠായികള്‍ വാങ്ങുക്കൂട്ടുന്നത് കാണാമായിരുന്നു.
രാജ്യമെങ്ങും ദീപപ്രഭയില്‍ ദീപാവലി ആഘോഷിക്കുകയാണ്. തിന്മയ്ക്കുമേല്‍ നന്‍മ നേടുന്ന വിജയമായാണ് ദീപാവലിയെ കണക്കാക്കുന്നത്. മണ്‍ചെരാതുകള്‍ തെളിച്ചും മധുരം വിളമ്പിയും പടക്കം പൊട്ടിച്ചും ദീപങ്ങളുടെ ഉത്സവത്തെ ആഘോഷിക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.
അതേസമയം ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി എട്ട് മണി മുതല്‍ പത്ത് മണിവരെയാണ് പടക്കം പൊട്ടിക്കാന്‍ അനുവാദം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആഘോഷങ്ങള്‍ക്ക് ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാവു എന്നും ഉത്തരവിലുണ്ട്. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെയും ജില്ലാ പൊലീസ് മേധാവികളെയും ചുമതലപ്പെടുത്തി. പടക്ക വിപണി ഇന്നലെ മുതല്‍ തകൃതിയായി. പടക്കങ്ങള്‍ വാങ്ങാന്‍ വന്‍ തിരക്കാണ് പലയിടത്തും.