ഇടുക്കി- ചെറിയ ഇടവേളക്ക് ശേഷം പെയ്തിറങ്ങിയ ദുരിതമഴ ജില്ലയിൽ 11 ജീവൻ അപഹരിച്ചു. വിവിധയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമാണ് ഒരു കുടുംബത്തിലെ അഞ്ചംഗങ്ങളടക്കം മരിച്ചത്. രണ്ടുപേരെ കാണാതായി. അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുൾ പൊട്ടലിലുമാണ് ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെടെ ഏഴു പേർ മരിച്ചത്. അടിമാലിക്കു സമീപം കുരങ്ങാട്ടി ആദിവാസി കോളനിയിലും കമ്പിളികണ്ടം, പെരിയാർവാലി, മുരിക്കാശേരി എന്നിവിടങ്ങളിലും ഉരുൾപൊട്ടലിൽ മരണം റിപ്പോർട്ട് ചെയ്തു.
അടിമാലി ലക്ഷം വീടിന് സമീപം പുതിയകുന്നേൽ ഫാത്തിമ (65), മകൻ മുജീബ് (35), ഭാര്യ ഷമീന(32), മക്കളായ നിയ (4), ദിയ (6) എന്നിവരാണ് മരിച്ചത്. ഗൃഹനാഥൻ ഹസൻകുട്ടി (70), ഷെമീനയുടെ ബന്ധു കൊല്ലം കല്ലുവെട്ടിക്കുഴി സൈനുദ്ദീൻ (50) എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹസൻ കോയ ഉൾപ്പെടെ ഏഴ് പേരാണ് മണ്ണിനടിയിൽ അകപ്പെട്ടത്. നാട്ടുകാരും അഗ്‌നിശമനസേനയും ചേർന്നു നടത്തിയ രക്ഷാ പ്രവർത്തനത്തിൽ ഹസൻ കോയയെയും ബന്ധു സൈനുദ്ദീനെയും രക്ഷപ്പെടുത്തി. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിലാണ്.
പൂർണമായും തകർന്ന വീടിന്റെ സമീപത്തു കിടന്നിരുന്ന കാറുകളും ബൈക്കും തകർന്നു. ശബ്ദം കേട്ട് സമീപത്ത് താമസിക്കുന്ന ബന്ധുക്കളാണ് നാട്ടുകാരെ വിവരമറിയിച്ചത്. കോരിച്ചൊരിയുന്ന മഴയത്ത് മണ്ണ് മാറ്റി യന്ത്രങ്ങളടക്കമുള്ള സഹായത്തോടെ മണ്ണിനടിയിലായവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടങ്ങി. ഒരു മണിക്കൂറിനുള്ളിൽ മണ്ണിനടിയിൽ വീടിന്റെ ഷീറ്റിനടിയിൽ കിടന്നിരുന്ന ഹസൻകുട്ടിയെ ജീവനോടെ രക്ഷപ്പെടുത്തി. തുടർന്ന് ഫാത്തിമയടക്കമുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. സൈനുദ്ദീൻ മണ്ണിനടിയിൽ പെടാത്തത് രക്ഷയായി.
കുരങ്ങാട്ടി ആദിവാസി കുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കറുമ്പനാനിക്കൽ മോഹനൻ (52), ഭാര്യ ശോഭ (46) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ആറ് മണിയോടെ അയൽവാസികളായ ബന്ധുക്കളാണ് വീട് തകർന്നത് കണ്ടത്. എപ്പോഴാണ് സംഭവം നടന്നതെന്നത് അറിയില്ല. നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂലിപ്പണിക്കാരായിരുന്ന ഇവർക്ക് മക്കളില്ല. പെരിയാർവാലിയിൽ ഉരുൾപൊട്ടി കൂട്ടകുന്നേൽ ആഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവർ മരിച്ചു. ഇടുക്കി അണക്കെട്ട് തുറന്നുവിടുമ്പോൾ പെരിയാറിൽ വെള്ളം ഉയർന്ന് ദുരന്തമുണ്ടായേക്കാമെന്ന് കരുതി മാറ്റി പാർപ്പിച്ച കുടുംബമാണിത്.
കമ്പിളികണ്ടം കുരിശു കുത്തി മലയിൽ ഉരുൾപൊട്ടിയാണ് പന്തപ്പിള്ളിൽ മാണിയുടെ ഭാര്യ തങ്കമ്മ (46) മരിച്ചത്. വെളുപ്പിന് മൂന്ന് മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് മകൻ ഓടി മാറി.ഭർത്താവ് മാണി പരിക്കുകളോടെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. മുരിക്കാശ്ശേരി രാജപുരത്ത് ഉരുൾപൊട്ടി വീടിന് മുകളിലേയ്ക്ക് മണ്ണ് വീണതിനെ തുടർന്ന് കരികുളത്ത് ലക്ഷ്മിക്കുട്ടി (90) മരിച്ചു. ഇവരുടെ മക്കളായ രാജൻ, ഉഷ എന്നിവരെ കാണാതായി.
അടിമാലിയിൽ മരിച്ച അഞ്ചു പേരെയും ടൗൺ ജുമാ മസ്ജിദിൽ ഖബറടക്കി. തങ്കമ്മയുടെ മൃതദേഹം കമ്പിളി കണ്ടം ചർച്ചിലും സംസ്‌കരിച്ചു. മോഹനന്റെയും, ശോഭയുടെയും മൃതദേഹങ്ങൾ കുരങ്ങാട്ടിയിലെ വീട്ടുവളപ്പിൽ ഇന്ന് സംസ്‌കരിക്കും. വൈദ്യുതി മന്ത്രി എം. എം മണി, എസ് .രാജേന്ദ്രൻ എം. എൽ. എ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ താലൂക്കാശുപത്രിയിലെത്തിയിരുന്നു.
കരികുളത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാലവർഷക്കെടുതി തുടരുന്നതിനാൽ ഹൈറേഞ്ച് യാത്ര ഒഴിവാക്കാൻ പോലീസ് നിർദേശിച്ചു.