അറബ് ഉച്ചകോടിയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രസംഗത്തിന്റെ പൂർണ രൂപം
ഗാസ യുദ്ധം വെളിവാക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പാണ്. ഇസ്രായിലിന്റെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിൽ രക്ഷാ സമിതിയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പരാജയത്തിന് സാക്ഷ്യം വഹിക്കുന്ന മാനുഷിക ദുരന്തമാണ് നാം അഭിമുഖീകരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ് ഗാസ യുദ്ധം തുറന്നുകാട്ടുന്നു. ഇസ്രായിൽ ആക്രമണവും ഗാസ നിവാസികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതും അറബ്, ഇസ്‌ലാമിക് ലോകം ഒരിക്കലും അംഗീകരിക്കില്ല. ഫലസ്തീൻ ജനതയോട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഇസ്രായിലിനാണ്.
ഗാസ സംഭവങ്ങളുടെ തുടക്കം മുതൽ സൗദി അറേബ്യ യുദ്ധം നിർത്താൻ ഊർജിതമായ ശ്രമങ്ങൾ നടത്തുകയും ലോക നേതാക്കളുമായി കൂടിയാലോചനകളും ഏകോപനവും തുടരുകയും ചെയ്തു. സൈനിക നടപടികൾ ഉടനടി നിർത്തണമെന്ന ആവശ്യം ആവർത്തിക്കുകയാണ്. ബന്ദികളെ വിട്ടയക്കുകയും ആളുകളുടെ ജീവൻ സംരക്ഷിക്കുകയും വേണം. ദൗർഭാഗ്യകരമായ ഈ സാഹചര്യത്തെ നേരിടാൻ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിന് ഏകോപിതവും കൂട്ടായതുമായ പരിശ്രമം ആവശ്യമാണ്. ഉപരോധം എടുത്തുകളയാനും ഗാസയിൽ ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കാനും ഒരുമിച്ച് പ്രവർത്തിക്കണം. അധിനിവേശം, ഉപരോധം, കുടിയേറ്റം എന്നിവ അവസാനിപ്പിച്ച് ഫലസ്തീൻ ജനതക്ക് നിയമാനുസൃതമായ അവകാശങ്ങൾ ഉറപ്പാക്കുകയും 1967 ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് മേഖലയിൽ സുരക്ഷയും സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ഏക മാർഗമെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഇത് മേഖലക്കും മേഖലാ രാജ്യങ്ങൾക്കും ശാശ്വത സുരക്ഷയും സ്ഥിരതയും ഉറപ്പാക്കും.
നിരായുധരായ ആയിരക്കണക്കിന് സാധാരണക്കാരും കുട്ടികളും സ്ത്രീകളും വയോജനങ്ങളും കൊല്ലപ്പെടുകയും ആശുപത്രികളും ആരാധനാലയങ്ങളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്ത ഈ നിഷ്ഠൂരമായ യുദ്ധത്തെ അപലപിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു. സാധാരണക്കാർക്ക് സഹായങ്ങൾ എത്തിക്കാൻ മാനുഷിക ഇടനാഴികൾ ഒരുക്കുകയും അന്താരാഷ്ട്ര മാനുഷിക സംഘടനകളെ അവരുടെ പങ്ക് വഹിക്കാൻ അനുവദിക്കുകയും വേണം. ഗാസയിലെ രോഗികൾക്കും പരിക്കേറ്റവർക്കും വൈദ്യസഹായം ഉറപ്പാക്കണം. അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ഇസ്രായിൽ നഗ്നമായി ലംഘിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ പ്രയോഗത്തിലെ ഇരട്ടത്താപ്പും സെലക്ടിവിറ്റിയും ഇത് പ്രകടമാക്കുകയും ലോക സുരക്ഷക്കും സ്ഥിരതക്കും വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യുന്നു.