തൃശൂർ - കളമശേരി സ്‌ഫോടനകേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ കൊടകര സ്‌റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തുന്നതിനിടെ മാര്‍ട്ടിന്‍റെ സ്‌കൂട്ടറില്‍ നിന്ന് നാലു റിമോട്ട് കണ്‍ട്രോളറുകള്‍ കണ്ടെത്തി. സ്‌ഫോടനം നടന്ന ദിവസം കൊടകര പോലീസ് സ്റ്റേഷനിലേക്ക് എത്താന്‍ പ്രതി ഉപയോഗിച്ച വെളുത്ത ഹോണ്ട ഏവിയേറ്ററില്‍ നിന്നാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതാകാമെന്നു സംശയിക്കുന്ന റിമോട്ട് യൂണിറ്റുകള്‍ കണ്ടെടുത്തത്. സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ തെളിവെടുപ്പ് നടത്തിയ അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ റിമോട്ടുകള്‍ കണ്ടെത്തിയത്. സ്‌ഫോടനം ഉണ്ടായ ദിവസം പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ സമൂഹമാധ്യമത്തിലൂടെ ചെയ്ത ലൈവ് വീഡിയോ ചെയ്യാനായി തങ്ങിയ കൊരട്ടിയിലെ ഹോട്ടൽ മുറിയിലെത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കൊടകര പോലീസ് സ്റ്റേഷനിലേക്ക് പ്രതിയുമായി അന്വേഷണ സംഘം എത്തിയത്. സംഭവ ദിവസം താന്‍ സ്റ്റേഷനിലേക്ക് കീഴടങ്ങാനായി എത്തിയത് സംബന്ധിച്ച് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ വിശദീകരിച്ചു.
സ്റ്റേഷന്‍ പരിസരത്ത് സ്‌കൂട്ടര്‍ നിര്‍ത്തിയ സ്ഥലവും പ്രതി കാണിച്ചു. തുടര്‍ന്ന് സ്‌കൂട്ടര്‍ പരിശോധിച്ചോഴാണ് റിമോട്ട് കണ്‍ട്രോളറുകള്‍ കണ്ടെത്തിയത്. എറണാകുളം ഡിസിപി ശശിധരന്‍, എസിപി പി. രാജ്കുമാര്‍, കളമശേരി എസിപി സി.വി. ബേബി, എസ്എച്ച്ഒ വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കൊടകര സ്റ്റേഷനിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. രണ്ടുമണിക്കൂറിലേറെ തെളിവെടുപ്പു നീണ്ടു.