കോഴിക്കോട് - മലയാളത്തിന്റെ പ്രിയ ഗസല്‍ ഗായകന്‍ ഉമ്പായിയുടെ ഓര്‍മ്മയ്ക്കായി സ്ഥാപിക്കുന്ന ഉമ്പായി മ്യൂസിക് അക്കാദമി കെട്ടിടത്തിന് മലബാര്‍ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നടത്തി. അക്കാദമിയുടെ പ്രവര്‍ത്തനോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് സൗജന്യമായി നല്‍കിയ 20 സെന്റ് ഭൂമിയിലാണ് സംഗീത പ്രേമികളുടെ ചിരകാല ആഗ്രഹമായ, കേരളത്തിന്റെ അഭിമാന പദ്ധതിയായ ആദ്യത്തെ ഹിന്ദുസ്ഥാനി സംഗീത അക്കാദമി സ്ഥാപിക്കുന്നത്. അക്കാദമിക്കായി സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ ഗ്രാന്റ് ആദ്യ ഗഡുവായി അനുവദിച്ചിട്ടുണ്ട്. ജനങ്ങള്‍ തമ്മിലുള്ള ഐക്യവും സമാധാനവും നിലനില്‍ക്കുന്ന സമൂഹത്തില്‍ മാത്രമേ കല വളരുകയുള്ളൂവെന്നും എന്നാല്‍ കലയെയും കലാ പ്രകടനങ്ങളെയും വിദ്വേഷവും വെറുപ്പും പ്രകടിപ്പിക്കാനായി ഉപയോഗിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംഗീതത്തെ ഇന്നത്തെ തലമുറയുമായി ബന്ധിപ്പിച്ച കണ്ണിയായിരുന്നു ഉമ്പായിയെന്നും സംഗീതത്തെക്കുറിച്ചുള്ള പരമ്പരാഗത ശീലങ്ങളെ അദ്ദേഹം മാറ്റി മറിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഉമ്പായി മ്യൂസിക് അക്കാദമിയുടെ മുന്നേറ്റത്തിനായി തുടര്‍ന്നും സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കെ.ഷംസുദ്ദീന്‍ പ്രസിഡന്റും, കെ.അബ്ദുള്‍ സലാം സെക്രട്ടറിയുമായുള്ള ട്രസ്റ്റാണ് ഉമ്പായി മ്യൂസിക് അക്കാദമിയ്ക്ക് നേതൃത്വം നല്‍കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് 13 കോടി രൂപ ചെലവ് വരുന്ന അക്കാദമി കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരത്തോടെയാണ് ഉമ്പായി മ്യൂസിക് അക്കാദമി നിലവില്‍ വന്നത്.
ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ പി ടി എ റഹീം, തോട്ടത്തില്‍ രവീന്ദ്രന്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനില്‍ കുമാര്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, സമീര്‍ ഉമ്പായി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. ഉമ്പായി മ്യൂസിക് അക്കാദമി ചെയര്‍മാന്‍ കെ.ഷംസുദ്ദീന്‍ സ്വാഗത പ്രസംഗം നടത്തി. അക്കാദമി സെക്രട്ടറി കെ.അബ്ദൂള്‍ സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രകാശ് പൊതായ നന്ദി രേഖപ്പെടുത്തി. ചടങ്ങിനോടനുബന്ധിച്ച് ജുഗല്‍ബന്ദിയും അവതരിപ്പിച്ചു.