Sorry, you need to enable JavaScript to visit this website.

പിണറായിയെ സ്തുതിക്കാന്‍ പൊടിച്ച 28 കോടിയുണ്ടായിരുന്നെങ്കില്‍ കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം -  മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ  ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള ഒരുപാട് കര്‍ഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍. പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സര്‍ക്കാറെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. വണ്ടനാത്ത് മാസങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത പിന്നാലെയാണ് മറ്റൊരു കര്‍ഷകനും ആത്മഹത്യ ചെയ്തത്. കര്‍ഷകരെ കുരുതികൊടുക്കുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയ അമ്മമാര്‍ പിച്ചയെടുക്കാനും ഊട്ടിയ ചോറിന്റെ കൂലിക്കായി കുടുംബശ്രീ അംഗങ്ങള്‍ തെരുവില്‍ സമരവുമായി ഇറങ്ങിയിട്ടും പിണറായി വിജയന്റെ കണ്ണുതുറക്കില്ല. മൂന്നു മാസമായി ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി നല്കിയിട്ട്. പതിനായിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.

 

Latest News