കോഴിക്കോട് - ഏതെങ്കിലുമൊരു പാർട്ടിക്കു കീഴിൽ നടത്തി അവസാനിപ്പിക്കേണ്ട പരിപാടിയല്ല ഫലസ്തീൻ ഐക്യദാർഢ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി ആരു സംഘടിപ്പിച്ചാലും പാർട്ടി അതിനെ പിന്തുണയ്ക്കും. സി.പി.എം കോഴിക്കോട്ട് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീൻ അനുകൂല റാലി ആര് സംഘടിപ്പിച്ചാലും നല്ലതാണെന്ന സമീപനമാണ് സി.പി.എമ്മിനുള്ളത്. ലീഗ് സംഘടിപ്പിച്ചാലും ആര്യാടൻ ഷൗക്കത്ത് സംഘടിപ്പിച്ചാലും നല്ലതാണ്. സി.പി.എമ്മിന്റേത് മഹത്തരം, മറ്റുള്ളത് രണ്ടാംതരം എന്ന നിലപാടില്ല. യോജിക്കാവുന്ന എല്ലാവരെയും ചേർത്തുപടിച്ച് മുന്നോട്ടുപോകണമെന്നാണ് പാർട്ടി നിലപാട്. അതിൽ കക്ഷി രാഷ്ട്രീയ പരിഗണനയില്ല. സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ ഭാഗമാണത്.
ഇത് സ്വന്തം മണ്ണിൽ ജീവശ്വാസത്തിനായി പോരാടുന്ന ഫലസ്തീനികൾക്കൊപ്പം ശക്തമായി നിൽക്കേണ്ട, അധിനിവേശ ശക്തികൾക്കെതിരെ അതിശക്തമായി പോരാടേണ്ട, നിലപാട് സ്വീകരിക്കേണ്ട സമയമാണ്. നീതിയും അനീതിയും തമ്മിൽ പോരടിക്കുമ്പോൾ നിക്ഷ്പക്ഷതയ്ക്കു സ്ഥാനമില്ലെന്നും സ്വന്തം മണ്ണിൽ ജീവിക്കാൻ പോരാടുന്നവരെ ഭീകരവാദികളാക്കി ചിത്രീകരിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയതിന് ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുക്കാൻ തുനിഞ്ഞതോടെ കോൺഗ്രസിന്റെ നിലപാട് വ്യക്തമായി. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാട് പറയാൻ ധൈര്യമില്ല. അവർക്ക്് അഴകൊഴമ്പൻ നിലപാടാണ്. ഇപ്പോഴും ആശയ വ്യക്തത ഇല്ലാതെ മുന്നോട്ടു പോവുകയാണവർ.
ഇന്ത്യ ആദ്യമായി ഇസ്രായിൽ അനുകൂല നിലപാട് സ്വീകരിച്ചത് നരസിംഹ റാവു പ്രധാനമന്ത്രിയായ ഘട്ടത്തിലാണ്. ഇസ്രായിലിലേക്ക് പാസ്‌പോർട്ട് അനവുദിച്ചതും ഇന്ത്യയിൽ ഇസ്രയേൽ എംബസി തുടങ്ങിയതും അന്നാണ്. അതിനെ ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണ് ബി.ജെ.പി ചെയ്തത്. അതുകൊണ്ടാണ് ഫലസ്തീൻ വിഷയത്തിൽ വ്യക്തതയുള്ള നിലപാട് സ്വീകരിക്കാൻ അവർക്ക് സാധിക്കാത്തത്. കടന്നാക്രമിക്കപ്പെടുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നതാണ് ഏത് ജനാധിപത്യ വശ്വാസിയുടെയും കടമ. രാഷ്ട്രീയത്തിന് അതീതമായാണ് ആ പ്രഖ്യാപനം വരേണ്ടത്. ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യപിച്ചപ്പോൾ നടപ്പാക്കനാവില്ലെന്നും അത് ഇന്ത്യയെ വർഗീയമായി ധ്രുവീകരിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും വിളിച്ചുപറഞ്ഞത് ഇടതുപക്ഷമാണ്.
ജനാധിപത്യ മതനിരപേക്ഷ ശക്തികളും മതസാമുദായിക സംഘടനകളുമായി ചേർന്ന് അതിനെ പ്രതിരോധിക്കുമെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്. അതിന്റെ ഭാഗമായാണ് ആ തീരുമാനവുമായി മുന്നോട്ടു പോകാനാകാത്ത വിധം ജനകീയ പ്രതിരോധം തീർക്കാൻ സാധിച്ചത്. അതേ സമീപനമാണ് ഫലസ്തീൻ വിഷയത്തലുമുള്ളത്.
ഇക്കാര്യത്തിൽ സി.പി.എമ്മിന് ഒരു അവസരവാദ നിലപാടും ഇല്ല. യുദ്ധങ്ങൾക്ക് ഒരു നിയമം ഉണ്ട്. എന്നാൽ, എല്ലാ നിയമങ്ങളെയും അട്ടിമറിച്ചാണ് ക്രൂരമായ കാട്ടാള നിലപാട് ഇസ്രയേൽ സ്വീകരിച്ചത്. സാമ്രാജ്യത്വ ശക്തികളുടെ പിന്തുണ ഉണ്ടെന്ന ഒറ്റ കരുത്തിലാണവർ ഇത്തരം നടപടി സ്വീകരിക്കുന്നത്. ആശുപത്രികളും അഭയ കേന്ദ്രങ്ങളും ബോംബിട്ട് തകർക്കുകയാണ് സയണസ്റ്റ് ഭീകരന്മാർ. ഒരു ജനതയെ ഇല്ലായ്മ ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് നടപ്പാക്കുകയാണത്. സി.പി.എമ്മിന് ഒറ്റ നിലപാടെയുള്ളു. അത് ഫലസ്തീന് ഒപ്പം നിൽക്കുന്ന എല്ലാവരെയും ചേർത്തുപിടിക്കുകയെന്നതാണ്. ഇന്ത്യയിൽ ഗുജറാത്തിലാണ് വംശഹത്യക്ക് സംഘപരിവാർ നേതൃത്വം കൊടുത്തത്. ഇപ്പോൾ മണിപ്പൂരിലും അവരത് നടത്തുകയാണെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത റാലിയിൽ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആർ.ജെ.ഡി നേതാവ് എം.വി ശ്രേയാംസ്‌കുമാർ, വടകര മുൻ എം.എൽ.എ സി കെ നാണു, ഐ.എൻ.എൽ നേതാവ് പ്രഫ. എ.പി അബ്ദുൾവഹാബ്, എം.എൽ.എമാരായ ടി.പി രാമകൃഷ്ണൻ, അഡ്വ. പി.ടി.എ റഹീം, വിവിധ മുസ്‌ലിം സംഘടനകളെ പ്രതിനിധീകരിച്ച് മുക്കം ഉമർ ഫൈസി (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ) ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി (അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ), ടി.പി അബ്ദുല്ലക്കോയ മദനി (കെ.എൻ.എം സി.ഡി ടവർ), ഡോ. ഐ.പി അബ്ദുസ്സലാം (കെ.എൻ.എം മർകസുദ്ദഅ്‌വ), അബ്ദുറഷീദ് കുട്ടമ്പൂർ (വിസ്ഡം), എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കെ.എം മുഹമ്മദ് ഖാസിം കോയ, കെ.പി സുലൈമാൻ ഹാജി, എഴുത്തുകാരായ കെ.പി രാമനുണ്ണി, ഡോ. എം.എം ബഷീർ, യു.കെ കുമാരൻ, പി.കെ ഗോപി, ഡോ. ഖദീജാ മുംതാസ്, പി.കെ പാറക്കടവ്, ബി.എം സുഹറ, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, കെ.ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു.