ദമാം - യാത്രക്കാരുടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് കിംഗ് ഫഹദ് കോസ്‌വേയിൽ ജവാസാത്ത് കൗണ്ടറുകളുടെ എണ്ണം 38 ആയി ഉയർത്തുന്നതിന് പദ്ധതിയുള്ളതായി കിഴക്കൻ പ്രവിശ്യ ജവാസാത്ത് മേധാവി ബ്രിഗേഡിയർ മുഹമ്മദ് അൽഔഫി പറഞ്ഞു. കോസ്‌വേയിൽ സൗദി ഭാഗത്തെ ജവാസാത്ത് ഏരിയയിൽ ട്രാക്കുകളുടെയും കാബിനുകളുടെയും എണ്ണം ഉയർത്തുന്നതിനുള്ള പദ്ധതി മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഖഫ്ജി അതിർത്തി പോസ്റ്റിൽ പുതുതായി ഏഴു ട്രാക്കുകൾ കൂടി ഏർപ്പെടുത്തും. ഇതിൽ ഏതാനും ട്രാക്കുകൾ കാറോടിച്ച് അതിർത്തി പോസ്റ്റിലെത്തുന്ന വനിതകൾക്കു മാത്രമായി നീക്കിവെക്കും.
കിംഗ് ഫഹദ് കോസ്‌വേയിൽ നടപ്പാക്കുന്ന സിംഗിൾ എൻട്രി പോയിന്റ് പദ്ധതിയെ കുറിച്ച വിശദാംശങ്ങൾ വൈകാതെ പരസ്യപ്പെടുത്തും. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ എൻട്രി പോയിന്റ് പദ്ധതി നടപ്പാക്കിയിരുന്നു. അനുകൂല ഫലങ്ങളും പ്രതികൂല ഫലങ്ങളും അന്ന് ശ്രദ്ധയിൽപെട്ടിരുന്നു. സിംഗിൾ എൻട്രി പോയിന്റ് പദ്ധതി വേഗത്തിലാക്കുന്നതിന് ബഹ്‌റൈൻ അധികൃതരും ആഗ്രഹിക്കുന്നുണ്ട്. സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്കും ബഹ്‌റൈനിൽ നിന്ന് സൗദിയിലേക്കുമുള്ള യാത്രക്കിടെ ജവാസാത്ത്, കസ്റ്റംസ് നടപടികൾ ഒരിടത്തു വെച്ചു മാത്രം പൂർത്തിയാക്കുന്ന സംവിധാനം യാഥാർഥ്യമാക്കുന്നതിന് ശ്രമം തുടരുകയാണ്.
ജവാസാത്ത് നടപടിക്രമങ്ങളെല്ലാം ഓൺലൈൻവൽക്കരിച്ചതോടെ വ്യാജ രേഖാ കേസുകൾ കുറഞ്ഞിട്ടുണ്ട്. കിഴക്കൻ പ്രവിശ്യകളിലെ അതിർത്തി പോസ്റ്റുകളിൽ വളരെ കുറച്ച് വ്യാജ രേഖാ കേസുകൾ മാത്രമാണ് സമീപ കാലത്ത് കണ്ടെത്തിയത്. വിദേശികളുടെ പക്കലാണ് വ്യാജ രേഖകൾ കണ്ടെത്തിയത്. നിയമ ലംഘനങ്ങളും ജവാസാത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്തുള്ള തെറ്റുകളും കണ്ടെത്തുന്നതിന് കിംഗ് ഫഹദ് കോസ്‌വേയിൽ 200 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഒരു ഭാഗം ജവാസാത്ത് കാബിനുകൾക്കകത്താണ്. കാബിനുകളിൽ ജവാസാത്ത് ഉദ്യോഗസ്ഥർ നടത്തുന്ന കൃത്യനിർവഹണം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളിൽ ഇരുന്ന് നിരീക്ഷിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും സി.സി.ടി.വി സംവിധാനത്തിലൂടെ സാധിക്കും. കിഴക്കൻ പ്രവിശ്യ ജവാസാത്തിന് ദമാം മറീനക്കു സമീപം പുതിയ ആസ്ഥാനം നിർമിക്കുന്നതിന് കരാർ നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം നിർമാണ ജോലികൾ ആരംഭിക്കും. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനാലും നിരവധി സേവനങ്ങൾ ഓൺലൈൻവൽക്കരിച്ചതിനാലും നിലവിലെ ജവാസാത്ത് ആസ്ഥാനത്ത് കടുത്ത തിരക്ക് അനുഭവപ്പെടുന്നില്ല. നിലവിൽ പ്രതിദിനം ശരാശരി 300 മുതൽ 400 വരെ ഉപയോക്താക്കളാണ് കിഴക്കൻ പ്രവിശ്യാ ജവാസാത്ത് ആസ്ഥാനത്ത് എത്തുന്നതെന്നും ബ്രിഗേഡിയർ മുഹമ്മദ് അൽഔഫി പറഞ്ഞു.