കൊച്ചി- സിനിമാ അവാര്‍ഡ് വിതരണ ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിയിലേക്ക് കൈ ചൂണ്ടി പ്രതീകാത്മകമായി വെടിവെച്ചത് മോഹന്‍ലാലിനെയല്ലെന്നും അദ്ദേഹത്തെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെടുന്ന നിവേദനത്തില്‍ ഒപ്പുവെച്ചവരെയാണെന്നും നടന്‍ അലന്‍സിയര്‍. വിശിഷ്ടാതിഥി വേണ്ടെന്ന് പറഞ്ഞ് ഒപ്പിട്ടു കൊടുത്തവര്‍ വേദി പങ്കിട്ടതിന്റെ കള്ളത്തരത്തെയാണ് താന്‍ ചോദ്യം ചെയ്തത്. മോഹന്‍ലാല്‍ എന്ന മഹാനായ ഒരു നടന്‍ സംഘടനയുടെ സാരഥ്യം ഏറ്റെടുത്തതിന്റെ പേരില്‍ അദ്ദേഹത്തെ ചടങ്ങില്‍ നിന്നും ഒഴിവാക്കണമെന്ന് പറയുന്നതിലെ സാംഗത്യം എനിക്ക് മനസിലായിട്ടില്ല. മോഹന്‍ലാലിനെ വിശിഷ്ടാതിഥിയായി സ്വീകരിക്കുന്ന വേദിയില്‍ ഇന്ദ്രന്‍സിന്റെയും പാര്‍വതിയുടെയും പ്രൗഢി കുറയുന്നതെങ്ങനെയാണ്. എന്തിനാണ് ഇത്തരം അല്‍പത്തരങ്ങള്‍ ചിന്തിക്കുന്നത്. ലാലേട്ടനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പിട്ടവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. അവരില്‍ പലരും ആ വേദിയിലുണ്ടായിരുന്നു. ഈ പൊള്ളത്തരത്തെ ചോദ്യം ചെയ്താണ് ഞാന്‍ വിരലുകള്‍ കൊണ്ട് തോക്ക് ചൂണ്ടിയത്. വിശിഷ്ടാതിഥിയെ എതിര്‍ത്തവരെ വേദിയില്‍ കണ്ടപ്പോള്‍ ''എന്തരടേ ഇത്'' എന്ന് ചോദിക്കുന്നത് പോലെ അപ്പോള്‍ തോന്നിയ തമാശയായിരുന്നു അത്- അലന്‍സിയര്‍ പറയുന്നു.
മോഹന്‍ലാല്‍ ആ ചടങ്ങില്‍ പങ്കെടുത്തതില്‍ സന്തോഷിക്കുന്ന ആളാണ് താന്‍. എന്ത് തോക്ക് കൊണ്ടു വന്നാലും മോഹന്‍ലാലിനെ വെടിവെച്ചു വീഴ്ത്താന്‍ സാധിക്കില്ല. കാരണം അദ്ദേഹം മഹാനായ ഒരു നടനാണ്. ആ നടനൊപ്പമാണ് ഞങ്ങള്‍. ഞാനൊരു വെടിവച്ചാല്‍ വീഴുന്നതല്ല കേരളത്തിന്റെ അഭിമാനയ ആ പ്രതിഭ. മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ഇരിക്കുന്ന വേദിയിലേക്കാണ് താന്‍ വെടിയുതിര്‍ത്തത്. മോഹന്‍ലാലിനെതിരെ ഒപ്പിട്ടവരും അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടിരുന്നു. കള്ളത്തരം പൊളിച്ചു കളയണം, നിങ്ങള്‍ സത്യസന്ധരാകൂ, എവിടെയാണ് നിങ്ങളുടെ ജനുവിനിറ്റി എന്ന് തെളിയിക്കണം ഇതാണ് ആ വേദിയോട് താന്‍ ആവശ്യപ്പെട്ടത്.
ഇതു സംബന്ധിച്ച് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് അലന്‍സിയര്‍ പറയുന്നു. പ്രതിഷേധത്തിന്റെ അര്‍ഥം മനസിലാക്കാതെയാണ് അവര്‍ വാര്‍ത്ത നല്‍കിയത്. ആ ഒപ്പിട്ടവര്‍ക്കെതിരെയാണ് താന്‍ വെടിവച്ചതെന്നു മനസ്സിലാക്കാന്‍ പറ്റാതെ പോയത് ലേഖകന്റെ വിവരക്കേടാണ്. താന്‍ മോഹന്‍ലാലിന്റെ അടുക്കലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെന്ന വാര്‍ത്തയും കള്ളത്തരമാണ്. ഒരു സര്‍ക്കാസം സ്റ്റേജിന് നേരെ കാണിച്ച് പുറകുവശത്തുകൂടി മൂത്രമൊഴിക്കാനാണ് താന്‍ പോയത്. മഹേഷ് പഞ്ചുവും പോലീസും തന്നെ തടഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. തന്റെ സര്‍ക്കാസത്തിന്റെ അര്‍ത്ഥം ലാലേട്ടനും എന്തിന് നമ്മുടെ ചിരിക്കാത്ത മുഖ്യമന്ത്രിക്ക് പോലും മനസ്സിലായി. അദ്ദേഹം വരെ ചിരിച്ചു. പക്ഷെ ലേഖകന് അത് മനസിലായില്ല.
ഇത് കൂടാതെ നമ്മുടെ രാജ്യത്തെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടലും തന്റെ പ്രവര്‍ത്തിയുടെ ലക്ഷ്യമായിരുന്നെന്ന് അലന്‍സിയര്‍ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ പോലും അടുത്ത കാലത്ത് ആക്രമണ ശ്രമമുണ്ടായി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ആ ചടങ്ങില്‍ താന്‍ വിരലുകള്‍ക്ക് പകരം യഥാര്‍ഥ തോക്ക് തന്നെയാണ് ചൂണ്ടിയതെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നെന്നും അലന്‍സിയര്‍ ചോദിക്കുന്നു.