കൊച്ചി- കൈക്കുഞ്ഞിന്റെ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ മാതാപിതാക്കളായ അസം നാഗോണ്‍ ജില്ലയിലെ പാട്യ ചാപോരി സ്വദേശികളായ മുക്ഷിദുല്‍ ഇസ്ലാം(31) മുഷിത ഖാത്തൂന്‍ എന്നിവരെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ എട്ടിനാണ് സംഭവം.
കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. താമസസ്ഥലത്ത് നിന്നു വളരെ ദൂരെയുള്ള മുടിക്കലിലെ ആളൊഴിഞ്ഞ പ്രദേശത്ത് മൃതശരീരം ഉപേക്ഷിച്ചു. തുണിയില്‍പ്പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കിയായിരുന്നു മൃതദേഹം. പോലീസ് അസ്വാഭിവിക മരണത്തിന് കേസെടുത്ത്, ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. അതിഥിത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇടങ്ങള്‍, താമസിക്കുന്ന സ്ഥലങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തി.
മേതലയിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിനിക്ക് അടുത്ത ദിവസങ്ങളില്‍ കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അവരെ കാണാനില്ലെന്നും വ്യക്തമായി. തുടര്‍ന്ന് പ്രത്യേക സംഘം അസമിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.