കൊച്ചി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരസ്പരം സ്‌നേഹമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. താഴെത്തട്ടില്‍ പാര്‍ട്ടിക്കാരൊന്നും വലിയ സൗഹൃദത്തിലല്ലെന്നും കണ്ടാല്‍പോലും ലോഹ്യം പറയാത്ത പ്രവര്‍ത്തകരുണ്ടെന്നും അദ്ദേഹം പറഞ്ഞു. താഴെത്തട്ടില്‍ നേതാക്കന്‍മാരും അനുയായികളും തമ്മില്‍ അത്ര നല്ല ബന്ധമില്ലെന്നും എല്ലാം ഒരു അഭിനയവും തട്ടിപ്പുമാണെന്നും സുധാകരന്‍ പറഞ്ഞു. എറണാകുളം ജില്ല കോണ്‍ഗ്രസ് കണ്‍വെന്‍ഷനിലാണ് സുധാകരന്റെ വിമര്‍ശനം.
താഴെത്തട്ടില്‍ നമ്മുടെ പാര്‍ട്ടിക്കാരൊന്നും വലിയ സൗഹൃദത്തിലൊന്നുമല്ല. പലപ്പോഴും കണ്ടാല്‍പോലും ലോഹ്യം പറയാത്ത പ്രവര്‍ത്തകരുണ്ടെന്ന് നിങ്ങള്‍ക്കറിയാം. നേതാക്കന്‍മാരും അനുയായികളും തമ്മില്‍ അത്ര നല്ല ബന്ധത്തിലൊന്നുമല്ല താഴെത്തട്ടില്‍പോകുന്നത്. എല്ലാം ഒരു അഭിനയം, എല്ലാം ഒരു തട്ടിപ്പ്. അതാണ് നമ്മുടെ സാഹചര്യം. പരസ്പരം സ്‌നേഹിക്കാന്‍ പഠിച്ചിട്ടില്ല. പരസ്പരം സ്‌നേഹമില്ല. ആ സ്‌നേഹത്തിന്റെ നൂലിഴകള്‍ കുട്ടിച്ചേര്‍ക്കാനുള്ള ഘടകമാണ് സി.യു.സി. 25 വീടുകളിലെ അംഗങ്ങള്‍ കുടുംബസംഗമം പോലെ ഒരുമിച്ച് മാസത്തില്‍ ഒരു യോഗം ചേരണം. കുട്ടികളടക്കം അതിലുണ്ടാകും. ബാഡ്ജും തൊപ്പിയും വെച്ച് യോഗത്തില്‍ വന്നിരിക്കുന്ന കൊച്ചുമക്കള്‍ക്ക് പ്രസംഗവും പാട്ടും മറ്റും ആസ്വദിച്ച് കോണ്‍ഗ്രസിന്റെ സംസ്‌കാരം ചെറിയ പ്രായത്തില്‍ തന്നെ അവരുടെ മനസ്സിലേക്ക് പതിപ്പിക്കാന്‍ സാധിക്കുന്ന വേദിയാണത്. കോണ്‍ഗ്രസ് കുടുംബത്തില്‍നിന്ന് പിന്നെ ഒരു കുട്ടിയും പാര്‍ട്ടിവിട്ട് പുറത്തുപോകില്ല. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് ഐക്യത്തിന്റെ, സ്‌നേഹത്തിന്റെ വഴിത്താരയില്‍ സഞ്ചരിക്കുന്നത് ഈ നാട് കാണണം. അത്തരമൊരു സാഹചര്യമുണ്ടാക്കാന്‍ ആദ്യം മനസ്സ് നന്നാക്കേണ്ടത് നേതൃത്വമാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ കണ്‍വെന്‍ഷന്‍ -സുധാകരന്‍ പറഞ്ഞു.