ഹമാസിനെ ഇല്ലാതാക്കുക, ഗാസയെ വിഭജിക്കുക - ഇതാണ് ഇസ്രായിലിന്റെ ലക്ഷ്യം. അത് വഴി ഗാസയുടെ പൂർണ നിയന്ത്രണം കൈപ്പിടിയിലൊതുക്കുകയെന്നതാണ് ഇസ്രായിലിന്റെ കണക്കുകൂട്ടൽ. എന്നാൽ മധ്യധരണ്യാഴി തീരത്ത് തമ്പടിച്ച വൻതോതിലുള്ള അമേരിക്കൻ - യൂറോപ്യൻ സൈനിക ശക്തികളുടെയൊന്നും പരമലക്ഷ്യം ഹമാസിനെ ഇല്ലാതാക്കുകയോ, ഹിസ്ബുല്ലയെ ഇല്ലാതാക്കുകയോ, ഇറാനെപ്പോലും ഇല്ലാതാക്കുകയോ അല്ല. ഗാസയെ കീഴടക്കി പശ്ചിമേഷ്യയിലെ തങ്ങളുടെ സർവാധികാര പ്രയോഗം യാഥാർഥ്യമാക്കുകയും ലോകബലാബലത്തിൽ മിഡിൽ ഈസ്റ്റിനെയാകെ വരുതിയിൽ നിർത്തുകയുമാണ് ആത്യന്തിക ലക്ഷ്യം.
സമകാലിക സംഘർഷങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കണമെങ്കിൽ ചിലപ്പോൾ നമുക്ക് ചരിത്രം തേടിപ്പോകേണ്ടി വരും. 1975 ലാണ് ലെബനീസ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. പിറ്റേവർഷം സിറിയൻ സൈന്യം ലെബനോനിൽ ഇടപെടുകയും ആഭ്യന്തരസംഘർഷത്തിന് ഒരു പരിധി വരെ ശമനമുണ്ടാക്കുകയും ചെയ്തു. 1978 ൽ ലെബനോന്റെ വടക്ക് ഭാഗം കൈയടക്കി പത്ത് കിലോമീറ്റർ വിസ്തൃതിയിൽ ഇസ്രായിൽ ബഫർ സോണുണ്ടാക്കി. ഐക്യരാഷ്ട്ര സഭ ഇതിനെ എതിർത്തു. രക്ഷാസമിതിയുടെ 425 ാം നമ്പർ പ്രമേയമനുസരിച്ച് ഇസ്രായിലി സേനയോട് ലെബനോൻ വിടാൻ യു.എൻ ആവശ്യപ്പെട്ടു. പതിവുപോലെ ഇസ്രായിൽ ഈ ആവശ്യം നിരാകരിച്ചു. അപ്പോൾപോലും അമേരിക്കയും മറ്റു അന്താരാഷ്ട്ര ശക്തികളും ഇസ്രായിലിന്റെ പിടിവാശിക്ക് മുമ്പിൽ വഴങ്ങുന്നതാണ് കണ്ടത്. ഇസ്രായിലിന്റെ അന്യായമായ ഇടപെടലിനെതിരെ അവരുടെയൊന്നും സമ്മർദമുണ്ടായില്ല.
1981 ൽ ലെബനോൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫത്താഹിന്റെ ആസ്ഥാനം തകർക്കുകയെന്ന ലക്ഷ്യവുമായി ഇസ്രായിൽ ലെബനോന്റെ മീതെ കനത്ത ബോംബാക്രമണം നടത്തി. ഏഴു ദിവസം നീണ്ടുനിന്ന ബോംബ് വർഷം. അപ്പോഴും ഒരു പതിവ് ചടങ്ങായി ഐക്യരാഷ്ട്ര സഭയുടെ ഇടപെടലുണ്ടായി. ആക്രമണം അവസാനിപ്പിക്കണമെന്ന് അവർ ഇസ്രായിലിനോടാവശ്യപ്പെട്ടു.
പ്രശ്‌നത്തിൽ അമേരിക്ക ആവശ്യപ്പെട്ടതനുസരിച്ച് ഇസ്രായിലിനും ഫത്താഹിനുമിടയിലെ സംഘർഷത്തിന് അയവ് വരുത്താൻ ഒരു കരാറുണ്ടാക്കി. ഫലസ്തീനികൾ ഈ സമാധാന സന്ധിയുമായി നിരുപാധികം സഹകരിച്ചപ്പോൾ ഇസ്രായിലാകട്ടെ, ഒരൊറ്റ വർഷത്തിനകം 2777 തവണയാണ് കരാർ നിർലജ്ജം ലംഘിച്ചത്.
1981 ൽ സൗദി കിരീടാവകാശിയായിരുന്ന ഫഹദ് രാജകുമാരൻ ഒരു സമാധാന നിർദേശം മുന്നോട്ടുവെച്ചു. ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ അഭിലഷണീയവും അഭികാമ്യവുമായ സമൂർത്ത നിർദേശങ്ങളടങ്ങിയ ഈ ഉപാധിയനുസരിച്ച് മേഖലയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും പ്രതിസന്ധികളുടെ ആഴം കുറയ്ക്കുന്നതിനുമുള്ള പദ്ധതിയാണ് മുന്നോട്ടു വെക്കപ്പെട്ടത്.
ഇസ്രായിലികൾ സൗദിയുടെ നിർദേശവും തിരസ്‌കരിക്കുകയാണുണ്ടായത്. പിന്നാലെ ഫലസ്തീനികളും ഈ ഉപാധികളോട് ക്രമേണ പുറംതിരിഞ്ഞു. അറബികൾക്കിടയിലെ ഇക്കാര്യത്തിലുള്ള ആശയഭിന്നത സ്പഷ്ടമായ നിലക്ക് സൗദി അറേബ്യ ഈ സന്ധി സംഭാഷണ ശ്രമങ്ങളിൽനിന്ന് പിൻവാങ്ങുകയും മറ്റു രാജ്യങ്ങളോട് പുതിയ നിർദേശമോ പദ്ധതിയോ ഉണ്ടെങ്കിൽ മുന്നോട്ട് വരാനാവശ്യപ്പെടുകയും ചെയ്തു.
1982 ൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ലെബനോനിൽ അധിനിവേശം നടത്താൻ ഇസ്രായിലിന് പച്ചക്കൊടി കാണിക്കുന്നതാണ് ലോകം കണ്ടത്. പക്ഷേ അന്നത്തെ അമേരിക്കൻ വിദേശ സെക്രട്ടറി ഈ നിർദേശത്തോട് വിയോജിക്കുകയും ഇത്തരമൊരു സായുധ ഇടപെടലിനുള്ള അനിവാര്യ സാഹചര്യത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ബോധിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്ന് ഇസ്രായിലി പ്രതിരോധ മന്ത്രി ഏരിയൽ ഷാരോണിനോടാവശ്യപ്പെടുകയുമാണുണ്ടായത്. ഇതിനിടെ ബ്രിട്ടനിലെ ഇസ്രായിലി അംബാസഡർ ഒരു വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടതും പതിവുപോലെ ഈ വധശ്രമത്തിനു പിന്നിൽ 'ഫലസ്തീന്റെ കൈക'ളാണെന്ന കണ്ടെത്തലും കൂടിയായതോടെ പ്രശ്‌നം വീണ്ടും വഷളാവുകയായിരുന്നു.
ലെബനോന്റെ 40 കിലോമീറ്റർ ഭൂവിഭാഗത്തിന്റെ അധിനിവേശവുമായി ബന്ധപ്പെട്ട് ഇസ്രായിൽ പിന്നീട് പല ന്യായങ്ങളും അണിനിരത്തി. ലെബനോനിലെ വിദേശ സൈനികരെ താൽക്കാലികമായി മാറ്റി.
ഒറ്റക്ക് നേരിട്ട് ഫത്താഹിനെ ഇല്ലാതാക്കുകയെന്ന തന്ത്രവുമായാണ് തുടർന്ന് ഇസ്രായിൽ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ലെബനോൻ തലസ്ഥാനമായ ബെയ്‌റൂത്തിന്റെ പടിഞ്ഞാറ് ഭാഗം കേന്ദ്രീകരിച്ച് വസിക്കുന്ന ഫലസ്തീനികൾക്ക് മീതെ ഉപരോധത്തിന്റെ കെണിയൊരുക്കി.
ആ വർഷം ഓഗസ്റ്റിൽ ഇസ്രായിലി സൈന്യം ഈ പ്രദേശം കേന്ദ്രീകരിച്ച് പത്ത് മണിക്കൂർ നീണ്ട കനത്ത ബോംബാക്രമണം നടത്തി. നിൽക്കക്കള്ളിയില്ലാതായ ഫത്താഹിനും ഫലസ്തീനികൾക്കും ഇതോടെ ലെബനോൻ വിടേണ്ടതായി വന്നു. അവരത്രയും തുനീഷ്യയിലേക്ക് പലായനം ചെയ്തു.
വർഷങ്ങൾ കൊഴിഞ്ഞു. കാലം മാറി. പക്ഷേ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ നിരീക്ഷിക്കുമ്പോൾ അന്നത്തെ ചരിത്രവുമായി ഒട്ടേറെ സമാനതകൾ കണ്ടെത്താനാകും.
സൗദി കിരീടാവകാശി ഫലസ്തീൻ പ്രശ്‌നവുമായി ബന്ധപ്പെട്ട് മുമ്പോട്ട് വെച്ച സമാധാന നിർദേശത്തിനിടയിലാണ് ഒക്ടോബർ ഏഴ് സംഭവിച്ചത്. ഇസ്രായിൽ, അവർ സ്വപ്‌നം കാണുന്ന ഫലസ്തീൻ ഭൂമിയുടെ അതിരുകൾ തുരന്ന് തങ്ങളുടെ അധീശത്വം സ്ഥാപിച്ചുള്ള ഭൂപട വിസ്തൃതി ലക്ഷ്യമാക്കിയുള്ള ഗെയിം പ്ലാൻ യു.എന്നിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ പാടുപെടുന്നതിനിടെയായിരുന്നു ഇത്. ഹമാസിനെ ഇല്ലാതാക്കുക, ഗാസയെ വിഭജിക്കുക - ഇതാണ് ഇസ്രായിലിന്റെ ലക്ഷ്യം. അതുവഴി ഗാസയുടെ പൂർണ നിയന്ത്രണം കൈപ്പിടിയിലൊതുക്കുകയെന്നതാണ് ഇസ്രായിലിന്റെ കണക്കുകൂട്ടൽ.
യുദ്ധത്തിൽ ബാക്കിയാകുന്ന ഗാസയിലെ ജനങ്ങളെ ഈജിപ്തിലെ സീനായ് പ്രദേശത്തേക്ക് ആട്ടിയോടിക്കാമെന്നും അവർ വ്യാമോഹിക്കുന്നു. എന്നാൽ മധ്യധരണ്യാഴി തീരത്ത് തമ്പടിച്ച വൻതോതിലുള്ള അമേരിക്കൻ - യൂറോപ്യൻ സൈനിക ശക്തികളുടെയൊന്നും പരമലക്ഷ്യം ഹമാസിനെ ഇല്ലാതാക്കുകയോ, ഹിസ്ബുല്ലയെ ഇല്ലാതാക്കുകയോ, ഇറാനെപ്പോലും ഇല്ലാതാക്കുകയോ അല്ല. ഹമാസിനെപ്പോലുള്ള 'ചെറുമത്സ്യ' ത്തെ പിടിക്കൽ അവരുടെ അജണ്ടയിൽ ആദ്യം വരുന്നില്ല. ഗാസയെ കീഴടക്കി പശ്ചിമേഷ്യയിലെ തങ്ങളുടെ സർവാധികാര പ്രയോഗം യാഥാർഥ്യമാക്കുകയും ലോക ബലാബലത്തിൽ മിഡിൽ ഈസ്റ്റിനെയാകെ അമേരിക്കൻ പിന്തുണയോടെ വരുതിയിൽ നിർത്തുകയുമാണ് ആത്യന്തിക ലക്ഷ്യം.
1982 ൽ ഫതഹ് ചെയ്തത് പോലെ ഹമാസ് ഗാസ ഉപേക്ഷിച്ച് സുരക്ഷിത പാത തേടി മറ്റേതെങ്കിലും രാജ്യത്തേക്ക് നീങ്ങുമോ, അതോ വെടിനിർത്തൽ യാഥാർഥ്യമായ ശേഷം സമാധാനം പുനഃസ്ഥാപിക്കപ്പെടുകയും പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടം അടിമുടി തിരുത്തിയെഴുത്തലിനു വിധേയമാവുകയും ചെയ്യുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.