Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പണമില്ലാതെ പടുകുഴിയിൽ

വ്യവസായ സ്ഥാപനങ്ങളിൽനിന്നും മറ്റുമായി നികുതിയിനത്തിൽ കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് പിരിഞ്ഞു കിട്ടാനുള്ളത്. ഇത് പിരിച്ചെടുക്കുന്നതിനുള്ള ജാഗ്രതയാണ് ആദ്യം വേണ്ടത്. അല്ലാതെ പണത്തിന് ആവശ്യം വരുമ്പോഴെല്ലാം മദ്യത്തിന്റെ വിലയും നികുതിയും വർധിപ്പിച്ച് മദ്യപൻമാരുടെ പോക്കറ്റിൽ കൈയിട്ടുവാരുന്ന രീതി ഇനി അധികകാലം തുടരാനാകില്ല.

കരകയറാൻ എളുപ്പമല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ വലിയൊരു പടുകുഴിയിലേക്കാണ് കേരളം പതിച്ചിട്ടുള്ളത്. നിത്യച്ചെലവിനുള്ള പണം പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ എല്ലാ മേഖലകളും വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അർഹതപ്പെട്ട വിഹിതം പോലും നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സംസ്ഥാന സർക്കാർ വാദിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ധൂർത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് കേരളം പടുകുഴിയിലായതിന്റെ കാരണമെന്ന എതിർവാദവും നടക്കുന്നു. ഈ രണ്ടു വാദങ്ങളിലും സത്യങ്ങളും അർധസത്യങ്ങളുമുണ്ട്. പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും ഒരു കാര്യം സത്യമാണ്. ഖജനാവ് കാലിയാണ്. 
പണമില്ലാതെയുള്ള ഈ നട്ടംതിരിച്ചിലിന്റെ ഭാരം മുഴുവൻ അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ ജനങ്ങളാണ്. 50 ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് തുണയാകുന്ന ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് മൂന്ന് മാസമായി. പണമില്ലാത്തതിനാൽ മാവേലി സ്റ്റോറുകളിലും മറ്റു പൊതുവിതരണ കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങളില്ല. ആശുപത്രികളിൽ മരുന്ന് ക്ഷാമം, സാധാരണ ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ പലതും മുടങ്ങിക്കിടക്കുന്നു. എന്തിനധികം പറയുന്നു, കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിൽ ഭക്ഷണം കൊടുത്തതിന്റെ സബ്‌സിഡി പോലും കിട്ടാക്കുറ്റിയായി കിടക്കുന്നു. അങ്ങനെ എല്ലാ മേഖലകളിലും സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വർധിക്കുകയാണ്. 
വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കേരളം അഭിമുഖീകരിക്കുന്നതെന്ന സത്യം മുഖ്യമന്ത്രി തന്നെ തുറന്ന് പറഞ്ഞ് കഴിഞ്ഞു. പ്രതിസന്ധിയുടെ ആഴം വളരെ വലുതാണെന്നും പിടിച്ചു നിൽക്കാനാകാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും പകൽ പോലെ വ്യക്തമാണ്. എവിടെ നിന്നെങ്കിലും വായ്പ കിട്ടിയില്ലെങ്കിൽ സർക്കാരിന്റെ പക്കൽ ചില്ലിക്കാശ് എടുക്കാനില്ലെന്ന് സാരം.
കേന്ദ്ര സർക്കാരാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ ഉത്തരവാദിയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇതിൽ കുറച്ച് യാഥാർഥ്യമുണ്ട്. 57,000 കോടി രൂപയാണ് കേന്ദ്ര സർക്കാരിന്റെ നിലപാട് മൂലം സംസ്ഥാനത്തിനുണ്ടായിട്ടുള്ള വരുമാന നഷ്ടമെന്നാണ് ഏകദേശ കണക്ക്. ഇതിന് പുറമെ വായ്പയെടുക്കാനുള്ള അധികാരം വെട്ടിക്കുറച്ചതോടെ സംസ്ഥാനം ശരിക്കും പ്രതിസന്ധിയിലായി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയില്ലെല്ലാം വായ്പയെടു

ത്താണ് തൽക്കാലത്തേക്ക് കാര്യങ്ങൾ കഴിക്കാറുള്ളത്. ഇപ്പോൾ അതിനും കഴിയാതായി. 
കഴിഞ്ഞ വർഷം 43,000 കോടി രൂപയാണ് കേന്ദ്രം റവന്യൂ സഹായമായി നൽകിയത്. ഈ വർഷം അത് 40,000 കോടിയായി കുറഞ്ഞു. ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കിയതിലൂടെ 12,000 കോടിയുടെയും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലൂടെ 20,000 കോടിയുടെയും കേന്ദ്ര വരുമാനം നഷ്ടമായെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. റവന്യൂ കമ്മി ഗ്രാന്റ്  ഇനത്തിൽ 8400 കോടിയുടെയും നികുതി വിഹിതത്തിൽ കുറവ് വരുത്തിയതിലൂടെ 18,000 കോടിയുടെയും കുറവുണ്ടായി. ഇതെല്ലാം വസ്തുതകളാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങൾക്കും കേന്ദ്രം വാരിക്കോരി നൽകുമ്പോൾ സാമ്പത്തികമായി കേന്ദ്രം ഏറ്റവും കൂടുതൽ കഷ്ടപ്പെടുത്തുന്നത് കേരളത്തെയാണെന്നും സംസ്ഥാന സർക്കാർ കണക്കുകളിലൂടെ വാദിക്കുന്നു. 
കേരളത്തിന് ആകെ വരുമാനത്തിന്റെ 18 ശതമാനം മാത്രമാണ് കേന്ദ്രത്തിന്റെ വിഹിതമായി ലഭിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ബംഗാളിന് 49.4 ശതമാനവും രാജസ്ഥാന് 40.8 ശതമാനവും ഉത്തർപ്രദേശിന് 45.7 ശതമാനവും ഗുജറാത്തിന് 30.1 ശതമാനവും ബിഹാറിന് 42.8 ശതമാനവും ആന്ധ്രക്ക് 40.2 ശതമാനവും കേന്ദ്ര വിഹിതമായി ലഭിച്ചതായി കണക്കുകൾ പറയുന്നു. കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാടിന് താരതമ്യേന കുറവാണെങ്കിലും 26.14 ശതമാനം ലഭിച്ചിട്ടുണ്ട്. ഈ വിവേചനത്തെയാണ് കേരളം ചോദ്യം ചെയ്യുന്നതും ഇത് ശരിക്കും സാമ്പത്തിക ഉപരോധം തന്നെയാണെന്ന് പറയുന്നതും. 
വസ്തുതകൾ ഇങ്ങനെയൊക്കെ ആണെങ്കിലും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിൽ സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും ഒരുപാട് പിഴവുകൾ സംഭവിക്കുന്നുണ്ടെന്ന കാര്യം മറച്ചുവെക്കാവുന്നതല്ല. ചെലവുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വലിയ പരാജയമാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്തിന്റെ തനത് റവന്യൂ വരുമാനം 74,000 കോടി രൂപയായിരുന്നെന്നും ഈ വർഷം അത് 92,000 കോടി രൂപയായി ഉയർന്നിട്ടുണ്ടെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് കണക്കുകൾ പ്രകാരം 18,000 കോടി രൂപയുടെ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ അത് ചില നികുതികളിൽ അമിത വർധന വരുത്തിയതുകൊണ്ടും മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നുമുള്ള വരുമാനം വർധിച്ചതുകൊണ്ടും മാത്രം സംഭവിച്ച കാര്യമാണ്. വ്യവസായ സ്ഥാപനങ്ങളിൽ നിന്നും മറ്റുമായി നികുതിയിനത്തിൽ കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് പിരിഞ്ഞു കിട്ടാനുള്ളത്. ഇത് പിരിച്ചെടുക്കുന്നതിനുള്ള ജാഗ്രതയാണ് ആദ്യം വേണ്ടത്. അല്ലാതെ പണത്തിന് ആവശ്യം വരുമ്പോഴെല്ലാം മദ്യത്തിന്റെ വിലയും നികുതിയും വർധിപ്പിച്ച് മദ്യപൻമാരുടെ പോക്കറ്റിൽ കൈയിട്ടുവാരുന്ന രീതി ഇനി അധികകാലം തുടരാനാകില്ല. 
കേന്ദ്ര സർക്കാരിൽനിന്നുള്ള വരുമാന നഷ്ടം 57,000 കോടി രൂപയാണെന്ന് പറയുമ്പോൾ തന്നെ സംസ്ഥാന സർക്കാർ വിവിധ വിഭാഗങ്ങളിലായി കൊടുത്തു തീർക്കാനുള്ള കുടിശ്ശിക 50,000 കോടിയിലേറെ രൂപ വരും. മുടങ്ങിക്കിടക്കുന്ന മൂന്ന് മാസത്തെ ക്ഷേമ പെൻഷനിലെ കുടിശ്ശിക 2400 കോടിയാണ്. ജൽജീവൻ മിഷനിലെ കരാറുകാർക്ക് മാത്രം 1397 കോടി കുടിശ്ശികയുണ്ട്. മറ്റു കരാറുകാർക്ക് നൽകാനുള്ളത് 16.000 കോടിയാണ്. സപ്ലൈകോക്ക് 1525 കോടി നൽകാനുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകാനുള്ളത് 4558 കോടിയാണ്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള കുടിശ്ശിക 200 കോടി, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് നൽകാനുള്ളത് 300 കോടി. ഇങ്ങനെ സംസ്ഥാന സർക്കാർ കൊടുക്കാനുള്ള പണത്തിന്റെ ലിസ്റ്റ് നീണ്ടതാണ്. 
വരുമാനത്തിന്റെ കണക്ക് നോക്കാതെ സർക്കാർ പണം ധൂർത്തടിക്കുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് പറയാനാകില്ല. ഏറ്റവും ഒടുവിൽ നടത്തിയ കേരളീയം പരിപാടിയടക്കം അത്യാവശ്യമില്ലാത്ത പല പരിപാടികളും നടത്തി സർക്കാർ പണം പൊടിക്കുകയാണ്. സാമ്പത്തിക പ്രയാസമുള്ളപ്പോൾ മുണ്ട് മുറുക്കിയുടുക്കണമെന്ന് പറയുന്നത് പോലെ പണം ചെലവിടലിന്റെ കാര്യത്തിൻ ഒരു മുൻഗണന നിശ്ചയിക്കാൻ കഴിഞ്ഞ കുറച്ച് കാലങ്ങളായി സർക്കാരിന് കഴിയാതെ പോകുന്നു.
ഏറ്റവും അത്യാവശ്യമുള്ളതേത്, ആവശ്യമുള്ളതേത്, അനാവശ്യമേത് എന്നിങ്ങനെയുള്ള മാനദണ്ഡം കൊണ്ടുവരാൻ സർക്കാരിന് കഴിയുന്നില്ല. ഇത് തന്നെയാണ് സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ പോരായ്മയും. 
കേന്ദ്ര സർക്കാരിനെ പഴി പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. ഈ പോരായ്മ പരിഹരിക്കാൻ കൂടി സംസ്ഥാന സർക്കാരിന് കഴിയണം. അതില്ലാത്തിടത്തോളം കാലം സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വർധിച്ചുകൊണ്ടിരിക്കും. കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിച്ചാലും അതിനെ കൂസാതെ സംസ്ഥാനത്തിന് പിടിച്ചു നിൽക്കണമെങ്കിൽ തനത്  വരുമാനം വർധിപ്പിക്കുകയും അനാവശ്യ ചെലവുകൾക്ക് കടിഞ്ഞാണിടുകയും തന്നെ ചെയ്യണം.
 

Latest News