കോഴിക്കോട് - അമേരിക്കയുടെ സഖ്യരാഷ്ട്രമായി ബി.ജെ.പി ഇന്ത്യയെ മാറ്റിയിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫലസ്തീനിൽ ഇസ്രായിലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
രാഷ്ട്രീയ വേർതിരിവില്ലാതെ, മനുഷ്യത്വമുള്ള എല്ലാവരും ഒരുമിക്കുന്ന റാലിയാണിത്. രാജ്യത്തെ ജനങ്ങൾ ഫലസ്തീനൊപ്പമാണ്. എന്നാൽ, ചിലർ അത്തരം നിലപാടല്ല സ്വീകരിക്കുന്നത്. ഇത്തരം ഐക്യദാർഢ്യ പരിപാടികൾ അവരെ തിരുത്താൻ കൂടിയുള്ളതാണ്. ഇസ്രായിൽ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനമാണ്. ഐക്യരാഷ്ട്ര സഭയിൽ വോട്ടെടുപ്പിൽ നിന്ന് രാജ്യം വിട്ടുനിന്നതിലൂടെ ലോകത്തിന് മുന്നിൽ ഇന്ത്യ അപമാനിതമായി. കൃത്യമായ സയോണിസ്റ്റ് പക്ഷപാതമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഫലസ്തീനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൽ ഇടതുപക്ഷമാണ് മുന്നിലെന്നു പറഞ്ഞ മുഖ്യമന്ത്രി കോൺഗ്രസിനെയും മോഡി സർക്കാറിനെയും വിമർശിക്കാനും മുസ്‌ലിം ലീഗിനെ റാലിയിലേക്ക് ക്ഷണിച്ചതും പ്രസംഗത്തിൽ പേര് പറയാതെ പ്രത്യേകം പരാമർശിച്ചു. ആർ.എസ്.എസിനെയും ബി.ജെ.പിയെയും ഒപ്പം മുൻ യു.പി.എ സർക്കാരുകളെയും കുറ്റപ്പെടുത്തിയാണ് വിഷയത്തിലെ ഇന്ത്യയുടെ നയം മാറ്റത്തെ പിണറായി വിശദീകരിച്ചത്.
രാജ്യത്ത് വലിയ സ്വാധീനം ഉണ്ടെന്നു പറയുന്ന രാഷ്ടീയ പാർട്ടിയുടെ സ്വരം കേരളത്തിൽ തന്നെ വ്യത്യസ്തമായി കേൾക്കുന്നുവെന്നായിരുന്നു കോൺഗ്രസിന്റെ പേര് പറയാതെയുള്ള വിമർശം. കോഴിക്കോട്ടു തന്നെ നടന്ന പരിപാടിയിൽ വ്യത്യസ്ത ശബ്ദം കേട്ടുവെന്നും അത് പ്രത്യയശാസ്ത്രപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫലസ്തീൻ പ്രശ്‌നത്തിൽ വ്യക്തതയുള്ള നിലപാടാണ് മുമ്പ് ഇന്ത്യ സ്വീകരിച്ചിരുന്നത്. സ്വാതന്ത്ര്യ സമരം നടക്കുന്ന ഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യ ഫലസ്തീൻ നിലപാടിന് ഒപ്പമായിരുന്നു. ചേരി ചേരാനയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. അന്ന് ഇന്ത്യയുടെ ശബ്ദം എല്ലാവരും ശ്രദ്ധിച്ചിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് ഇക്കാര്യത്തിൽ നമുക്കുണ്ടായിരുന്നു. നെഹ്‌റുവിന്റെ ഈ നയം ഏറെക്കാലം നമ്മൾ തുടർന്നു വന്നു. ഫലസ്തീനെ മാത്രമേ നമ്മൾ അംഗീകരിച്ചിരുന്നുള്ളൂ. ഇസ്രായിലിനെ ഒരു രാജ്യം എന്ന നിലക്ക് ഇന്ത്യ കണ്ടിരുന്നില്ല. നെഹ്‌റുവാണ് ആ നിലപാടിന് തുടക്കം കുറിച്ചത്. ഇസ്രായിലുമായി ഇന്ത്യ ബന്ധം പുലർത്തിയില്ല. അന്നും ഇന്നും ഇസ്രായിലിനെ കൊണ്ട് ഫലസ്തീനിൽ എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വമാണ്.
ദശാബ്ദങ്ങൾക്ക് മുമ്പാണ് നമ്മുടെ നയത്തിൽ വെള്ളം ചേർക്കപ്പെട്ടത്. നരസിംഹ റാവുവിന്റെ കാലത്താണ് ഇന്ത്യ ഇസ്രായിലിനെ അംഗീകരിച്ച് തുടങ്ങിയത്. അമേരിക്കയുമായുള്ള ചങ്ങാത്തത്തിന്റെ ഫലമാണത്. അമേരിക്കൻ സമ്മർദ്ദത്തിനു കീഴ്‌പ്പെടുകയായിരുന്നു ഇന്ത്യയെന്നും പിണറായി പറഞ്ഞു. യു.പി.എ ഭരിക്കുമ്പോൾ ഇടതുപക്ഷത്തിനു നൽകിയ ഉറപ്പ് പാലിക്കാതെ കോൺഗ്രസ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താത്പര്യത്തിന് പിറകെ പോയി. അന്നത്തെ നയവും ഇപ്പോഴത്തെ ബി.ജെ.പി നയവും തമ്മിൽ എന്താണ് വ്യത്യാസമുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. അമേരിക്കൻ കൂട്ടുകെട്ട് ശരിയല്ലെന്ന് അന്ന് തന്നെ ഇടതുപക്ഷം ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ അവരുടെ സഖ്യകക്ഷിയാവുകയായിരുന്നു യു.പി.എ സർക്കാർ. അതിന്റെ തുടർച്ചയാണിപ്പോൾ നടക്കുന്നത്. രാജ്യത്തിനും ലോകത്തിനും അപമാനകരമായ നിലപാടുമായാണ് മോഡി സർക്കാർ മുന്നോട്ടു പോകുന്നതെന്നും ഇത് തിരുത്തണമെന്നും പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ ജന്മാവകാശത്തിനും സ്വാതന്ത്ര്യത്തിനുമൊപ്പം നമുക്ക് നിൽക്കാനാവാണമെന്നും അദ്ദേഹം വിശദീകരിച്ചു.