കാസര്‍കോട്- വിദ്യാര്‍ഥികള്‍ വലിയ കുമ്പളവുമായി സ്‌കൂളില്‍ എത്തിയ സംഭവം പങ്കുവെച്ചിരിക്കയാണ് മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസ് ഹെഡ് മാസ്റ്റര്‍ അബ്ദുല്‍ ബഷീര്‍.
രണ്ടാം ക്ലാസുകാരന്‍ അബ്ദുല്ല അഫ് ലഹാണ് ഏതാണ്ട് അവനോളം വലിപ്പമുള്ള കുമ്പളവുമായി സ്‌കൂളിലെത്തിയത്. ഇരുപത്തിനാലര കിലോയാണ് തൂക്കം.
കഴിഞ്ഞയാഴ്ച 19 കിലോ തൂക്കമുള്ള കുമ്പളവുമായി സ്‌കൂളിലെത്തിയ ഏഴാം ക്ലാസുകാരി ഫാത്തിമ അഫീദയുടെ അനുജനാണ് അബ്ദുല്ല അഫ് ലഹെന്ന് കുമ്പളത്തേക്കാളും വലിയ നന്മയെന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ ഹെഡ് മാസ്റ്റര്‍ പറഞ്ഞു.
പിതാവ് അഷ്‌റഫ് പെറവാടും മക്കളും ചേര്‍ന്ന് വീട്ടുവളപ്പില്‍ നടത്തുന്ന പച്ചക്കറി കൃഷിയിലൂടെ ലഭിച്ച വിഭവങ്ങള്‍ സ്‌കൂളിലെ മറ്റു മക്കള്‍ക്ക് കൂടി പങ്കുവെച്ചിരിക്കയാണ് അഷ്‌റഫും കുടുംബവും. മൊഗ്രാലിന്റെ നന്മയാണ് ഓരോ ദിവസവും കാണാന്‍ കഴിയുന്നതെന്നും അടുത്തിടെ മാത്രം സ്‌കൂളില്‍ പ്രധാനാധ്യപകനായി ചുമതലയേറ്റ പയ്യുന്നൂര്‍ കുന്നരു സ്വദേശിയായ അബ്ദുല്‍ ബഷീര്‍ പറഞ്ഞു.
സ്‌കൂളിലെ രണ്ടാം ക്ലാസുകാര്‍ കഴിഞ്ഞ ദിവസം ഇല വിസ്മയം തീര്‍ത്തിരുന്നു. ഇലകള്‍ കൊണ്ട് കുട്ടികള്‍ കാണിച്ച കരവിരുതിന്റെ പ്രദര്‍ശനമാണ് ശ്രദ്ധേയമായത്.