കോഴിക്കോട് - സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നും ഒരു ശക്തിതിയെയും അതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സഹകരണ മേഖലയെ സംരക്ഷിക്കാന്‍ എപ്പോഴും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ടൗണ്‍ കോപ്പറേറ്റീവ് സൊസൈറ്റി സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് ക്രമാനുഗത വളര്‍ച്ചയാണ് ഉണ്ടാകുന്നത്. ഇതിന് ഊടും പാവും നെയ്തത് ജനങ്ങളാണ്. സഹകരണ മേഖല രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള മേഖലയായി. എന്നാല്‍ ആഗോളവത്കരണ നയം സഹകരണ മേഖലക്ക് തിരിച്ചടി ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മാറി മാറി വന്ന സര്‍ക്കാറുകള്‍ സഹകരണ മേഖലയുടെ വളര്‍ച്ച സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലക്ക് എതിരെ നിലപാട് എടുത്തപ്പോഴും ഇവിടുത്തെ യു ഡി എഫ് സഹകരണ മേഖലക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതും സഹകരണ മേഖലയ്ക്ക് കേരളത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ള പിന്തുണയുണ്ടെന്നാണ് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.