Sorry, you need to enable JavaScript to visit this website.

ജനങ്ങൾ കഷ്ടപ്പെടുന്നു; സർക്കാർ പണം ധൂർത്തടിക്കുന്നു -ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം - കുട്ടനാട്ടിൽ കർഷക നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇടത് സർക്കാരിനെതിരെ രൂക്ഷവിമർശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർഷകർ വലിയ പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ പണം ധൂർത്തടിക്കുകയാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫിനു വേണ്ടിയും വൻ തുക ചെലവഴിക്കുന്നു. ജീവനൊടുക്കിയ കർഷകന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയിൽ എത്തുമെന്നും ശേഷം പ്രസാദിന്റെ കുടുംബത്തെ സന്ദർശിക്കുമെന്നും ഗവർണർ വ്യക്തമാക്കി. 
 കേരളം കടുത്ത സാമ്പത്തിക ബാധ്യതയാൽ ഞെരുങ്ങുമ്പോഴും സർക്കാർ ധൂർത്തിനും അവകാശവാദങ്ങൾക്കും തെല്ലും കുറവില്ലെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും രൂക്ഷ വിമർശം ഉയരുകയാണ്. തീ പിടിച്ച വിലക്കയറ്റത്തിന് പുറമെ വൈദ്യുതി ചാർജ് കൂടി കൂട്ടി ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. നവകേരള സദസ്സിന്റെ പേരുപറഞ്ഞ് കോടികളുടെ ധൂർത്ത് 140 മണ്ഡലങ്ങളിലും നടത്തുന്ന സർക്കാർ പാവപ്പെട്ട കർഷകരെയും സ്ത്രീകളെയും കണ്ടില്ലെന്നു നടിക്കുകയാണ്. വൻ കെട്ടിട നികുതി വർധനവ് സാധാരണക്കാരന്റെ മേൽ അടിച്ചേൽപ്പിച്ചിട്ടും പ്രതിപക്ഷം അടക്കമുള്ള പാർട്ടികൾക്ക് സർക്കാറിനെ തിരുത്താനാകാത്തതിലും ജനരോഷം ശക്തമാണ്. ജനങ്ങൾ ഓരോ ദിവസവും കൊടും ദുരിതപർവ്വത്തിൽ കഴിയുമ്പോഴും അവരുടെ ആശ്വാസത്തിനോ സാമ്പത്തിക പ്രതിസന്ധിയിൽ ദീർഘവീക്ഷണമുള്ള നടപടികൾക്കോ തയ്യാറാകാതെ കൂടുതൽ വായ്പയെടുത്തും ധൂർത്തു നടത്തിയും പൊങ്ങച്ചപ്രകടനങ്ങൾ തുടരുകയാണെന്നാണ് വിമർശം. ഈമാസം 18 മുതലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചലിക്കുന്ന മന്ത്രിസഭ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ സന്ദർശനം നടത്തുന്നത്.  
 ഇന്ന് പുലർച്ചെയാണ് കുട്ടനാട്ടിലെ കർഷനും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ കെ.ജി പ്രസാദ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന്റെ ഉത്തരവാദി സർക്കാരാണെന്നും താൻ പരാജയപ്പെട്ട കർഷകനാണെന്നും വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ ഓഡിയോ ക്ലിപ്പും ആത്മഹത്യാ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. സർക്കാരിന് നെല്ലു കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും ലോണിന് സമീപിച്ചപ്പോൾ പി.ആർ.എസ് കുടിശ്ശിക പറഞ്ഞ് വായ്പ നിഷേധിച്ചുവെന്നും അതിനാൽ ഫൈറ്റ് ചെയ്യണമെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞാണ് പ്രസാദ് വിടവാങ്ങിയത്.
 

Latest News