ആലപ്പുഴ - കൃഷി ചെയ്യാൻ ലോൺ ലഭിക്കാത്തതിനെത്തുടർന്ന് കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത നെൽ കർഷകന്റെ അവസാന ഫോൺ സംഭാഷണം പുറത്ത്. ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റായ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ കെ.ജി പ്രസാദ് ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പ് സുഹൃത്തിനോട് പൊട്ടിക്കരഞ്ഞു പറയുന്ന ഓഡിയോയാണ് പുറത്തുവന്നത്.
സർക്കാരിന് നെല്ല് കൊടുത്ത പണം കിട്ടിയില്ലെന്നും പി.ആർ.എസ് കുടിശ്ശികയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചതായും താൻ പരാജയപ്പെട്ട കർഷകനായിപ്പോയെന്നും തനിക്കായി ഫൈറ്റ് ചെയ്യണമെന്നും പ്രസാദ് ഈ ഓഡിയോയിൽ പറയുന്നുണ്ട്.
എനിക്ക് ഇനി പിടിച്ചുനിൽക്കാൻ മാർഗമില്ല. ഞാൻ കൃഷി ചെയ്ത നെല്ല് സർക്കാരിന് കൊടുത്തു. പക്ഷേ, സർക്കാർ പണം തന്നില്ല. ഞാനിപ്പോൾ കടക്കാരനാണ്. ഞാനിപ്പോൾ മൂന്നേക്കർ കൃഷിയിറക്കിയിട്ടുണ്ട്. അതിന് വളമിടാനുമൊന്നും കാശില്ല. ലോണിനു വേണ്ടി അപേക്ഷിച്ചപ്പോൾ പി.ആർ.എസ് കുടിശ്ശികയുള്ളതിനാൽ ലോൺ തരില്ലന്നാണ് മറുപടി. എന്തു പറയാനാ..ഞാൻ പരാജയപ്പെട്ടുപോയി സഹോദരാ, എന്റെ ജീവിതവും പരാജയപ്പെട്ടുപോയി. എനിക്കുവേണ്ടി ഫൈറ്റ് ചെയ്യണം... തുടങ്ങിയ കാര്യങ്ങളാണ് ഫോണിലുള്ളത്.
അതിനിടെ, പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും വിവരമുണ്ട്. തന്റെ മരണത്തിന് ഉത്തരവാദി സർക്കാരാണെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. താൻ നൽകിയ നെല്ലിന്റെ പണമാണ് സർക്കാർ പി.ആർ.എസ് വായ്പയായി നൽകിയത്. ഇത് കുടിശ്ശികയടക്കം അടക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ, സർക്കാർ എന്നെ ചതിച്ചെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.