Sorry, you need to enable JavaScript to visit this website.

രണ്ടു പേരെ കൊല്ലാന്‍ കാരണം കള്ളനെന്ന ആരോപണം, പ്രതി നാല് ദിവസം പോലീസ് കസ്റ്റഡിയില്‍

കൊച്ചി- മൂവാറ്റുപുഴ അടൂപറമ്പില്‍ രണ്ട് അസാം സ്വദേശികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗോപാല്‍ മാലിക്കിനെ (22) കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.  അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പ് ഉള്‍പെടെയുള്ള കാര്യങ്ങള്‍ നടക്കും. കഴിഞ്ഞ ദിവസം ഒഡീഷയിലെ മിനിഗുഡയില്‍ പിടിയിലായ പ്രതിയെ വെള്ളിയാഴ്ചയാണ് നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ ബിസാംകട്ടക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയിരുന്നു. തുടര്‍ന്ന് ഗോപാലിന്റെ ബലിഗുഡയലെ വീട്ടിലെത്തി മേല്‍വിലാസ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് കേരളത്തിലെത്തിച്ചത്.

മദ്യപാനത്തിനിടെയുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞനാലിന് രാത്രിയാണ് അടൂപറമ്പിലെ തടിമില്ലിലെ തൊഴിലാളികളായ മോഹന്ദര്‍ സ്വര്‍ഗയാരി (40), ദീപാങ്കര്‍ ബസുമാത്രി (37) എന്നിവര്‍ താമസസ്ഥലത്ത് കൊല്ലപ്പെട്ടത്. ഇവരോടൊപ്പമാണ് ഗോപാലും താമസിച്ചിരുന്നത്. സംഭവ ദിവസം ഇവര്‍ മൂന്നുപേരും മറ്റൊരു തൊഴിലാളിയും ചേര്‍ന്ന് മദ്യപിച്ചിരുന്നു. താമസസ്ഥലത്തുനിന്ന് നിരന്തരമായി പണം കാണാതാകുന്നതിന് പിന്നില്‍ ഗോപാലാണെന്ന് പറഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്. തുടര്‍ന്ന് ഇയാള്‍ പുറത്തുപോയി.

തിരിച്ചെത്തിയ ശേഷം ഇയര്‍ഫോണില്‍ പാട്ടുകേട്ട് മയങ്ങുകയായിരുന്ന ഇരുവരെയും മുറിയിലുണ്ടായിരുന്ന മൂര്‍ച്ചേയറിയ കത്തികൊണ്ട് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മൊബൈല്‍ഫോണും പണവും കവര്‍ന്ന പ്രതി പുലര്‍ച്ചെ മൂന്നുവരെ മുറിയില്‍ തുടര്‍ന്നു. ശേഷം മൂവാറ്റുപുഴയിലേക്ക് നടന്നു. അവിടെ നിന്ന് ബസില്‍ ആലുവയിലേക്കും തുടര്‍ന്ന് ചെന്നൈയിലുമെത്തി. ട്രെയിനുകള്‍ മാറിക്കയറി റയിഗുഡയിലെത്തി. മിനിഗുഡ വഴി സ്വന്തം നാടായ ബലിഗുഡയിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആലുവ റൂറല്‍ എസ് പിയുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മിനിഗുഡ പോലീസ് ഇയാളെ പിടികൂടി അന്വേഷണസംഘത്തിന് കൈമാറുകയായിരുന്നു.

 

 

Latest News