കൊച്ചി- നെടുമ്പാശേരി വിമാനതാവളം സാധാരണനിലയിലേക്ക്. നേരത്തെ ഉച്ചക്ക് 1.10ന് വിമാനങ്ങളുടെ ലാന്റിംഗ് നിർത്തിവെച്ചെങ്കിലും 3.05മുതൽ വിമാനങ്ങൾക്ക് ലാന്റിംഗ് അനുമതി നൽകി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അതിനാൽ നേരത്തെ നിരോധിച്ച ലാന്റിംഗ് അനുമതി വീണ്ടും നൽകുകയാണെന്നും സിയാൽ അധികൃതർ വ്യക്തമാക്കി. ഇടുക്കി അണക്കെട്ട് തുറന്നതിനെ തുടർന്നാണ് നെടുമ്പാശേരി വിമാനതാവളത്തിൽ വിമാനങ്ങളുടെ ലാന്റിംഗ് നിരോധിച്ചിരുന്നത്. സിയാൽ എം.ഡിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.
അതേസമയം തുടർദിവസങ്ങളിൽ സ്വീകരിക്കേണ്ട കാര്യങ്ങളെ പറ്റി സിയാൽ അധികൃതർ യോഗം ചേരുന്നുണ്ട്. നാളെയും കാലവർഷം തുടരുകയും അണക്കെട്ടുകൾ തുറക്കുകയും ചെയ്താൽ സർവീസുകൾ നിർത്തിവെക്കേണ്ടി വരും. ഈ സഹചര്യത്തിൽ ഹജ് സർവീസ് കോഴിക്കോട്ടേക്ക് മാറ്റുന്നത് സംബന്ധിച്ച ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ, തൽക്കാലം ഇക്കാര്യത്തിൽ ഒന്നും പറയാനാകില്ലെന്ന നിലപാടിലാണ് ഹജ് വകുപ്പ് അധികൃതർ. പുതിയ അറിയിപ്പ് വരുന്നത് വരെ നിലവിലുള്ള സഹചര്യം തുടരാനാണ് തീരുമാനം.