ന്യൂദല്‍ഹി- ഭീകരര്‍ക്ക് ഏതു തരത്തിലുള്ള സഹായം നല്‍കുന്നതും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ- യു. എസ് 2+2 ചര്‍ച്ചയുടെ സംയുക്ത പ്രസ്താവന. ഏതു രൂപത്തിലുള്ള ഭീകരതയെയും അപലപിക്കുന്നതായി പറയുന്ന പ്രസ്താവനയില്‍ മുംബൈയിലും പത്താന്‍കോട്ടിലുമുണ്ടായ ഭീകരാക്രമണങ്ങളുടെ ആസൂത്രകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാന്‍, പശ്ചിമേഷ്യ, റഷ്യ- യുക്രെയ്ന്‍ യുദ്ധം, കാനഡ- ഇന്ത്യ തര്‍ക്ക വിഷയങ്ങള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍, വര്‍ധിച്ചുവരുന്ന ഭീകരത, സിഖ് ഭീകരസംഘങ്ങളുയര്‍ത്തുന്ന വെല്ലുവിളികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരാണ് ഇന്ത്യ- യു. എസ് 2+2 എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതിരോധ- വിദേശകാര്യ ചര്‍ച്ചയില്‍ പങ്കെടുത്തത്.
പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണം, തന്ത്രപ്രധാന ധാതുമേഖല, ഉന്നത സാങ്കേതികവിദ്യ എന്നീ രംഗങ്ങളില്‍ സഹകരണം ശക്തമാക്കും. ഇന്ത്യ- പസഫിക്കില്‍ ചൈനയുടെ ബലപ്രയോഗ നീക്കങ്ങളെ നേരിടാനും ഇസ്രയേല്‍- ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് ഉരുത്തിരിയുന്ന സാഹചര്യങ്ങള്‍ ഒരുമിച്ച് നിരീക്ഷിക്കാനും യോഗം തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.