തിരുവനന്തപുരം - സപ്ളൈകോയിലെ 13 സബ്സിഡി സാധനങ്ങളുടെ വില കൂട്ടാനുള്ള ഇടത് മുന്നണി യോഗ തീരുമാനത്തിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ.
സപ്ളൈകോയിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഏഴുവർഷമായി കൂട്ടാത്ത വില ഈടാക്കാൻ എൽ.ഡി.എഫ് അനുമതി നൽകിയതെന്നും ഇതുമൂലം പൊതുമാർക്കറ്റിൽ വിലവർധനവ് ഉണ്ടാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സപ്ലൈക്കോയിലെ നാമമാത്ര വിലവർധനവിന് ജനങ്ങൾ എതിരാവില്ലെന്നും സാധാരണക്കാർക്ക് എന്നും ആശ്വാസകേന്ദ്രമാകും വിധം സപ്ലൈക്കോ മാർക്കറ്റിനെ നിലനിർത്താൻ തന്നെയാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപ പോലും വില കൂട്ടില്ലെന്ന എൽ.ഡി.എഫ് പ്രകടന പത്രികാ വാഗ്ദാനം 2016-ലേതാണെന്നും ഇത് 2021-ലെ സർക്കാരാണെന്നും വില എത്ര വീതം കൂട്ടണമെന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്നും ആലോചിച്ചശേഷം ചെറിയൊരു വർധന വരുത്തുമെന്നും കാര്യങ്ങളെ യാഥാർത്ഥ്യബോധത്തോടെ കാണണമെന്നും ഭക്ഷ്യമന്ത്രി വിശദീകരിച്ചു.