Sorry, you need to enable JavaScript to visit this website.

ഇനിയും പൊള്ളും; സപ്ലൈകോയിലെ 13 സബ്‌സിഡി സാധനങ്ങൾക്കും വില കൂടും

തിരുവനന്തപുരം - വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി വരുന്നു. സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാൻ ഇടതു മുന്നണി യോഗത്തിൽ തീരുമാനം. ഇതനുസരിച്ച് 13 സബ്‌സിഡി സാധനങ്ങളുടെ വിലയാണ് സർക്കാർ വർധിപ്പിക്കുക. 
 ചെറുപയർ, വൻപയർ, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി, തുവരപരിപ്പ്, കുറുവ അരി, കടല, മല്ലി, പഞ്ചസാര, മുളക്, പച്ചരി എന്നീ 13 സബ്‌സിഡി സാധനങ്ങൾക്കാണ് വില വർധിപ്പിക്കുക. വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് നേരത്തെ സപ്ലൈകോ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഏഴുവർഷങ്ങൾക്കു ശേഷമാണ് സർക്കാർ ഇതിന് പച്ചക്കൊടി വീശുന്നത്. എത്ര വില കൂട്ടണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും മുന്നണിയിൽ ധാരണയായിട്ടുണ്ട്.
 നിത്യോപയോഗ സാധനങ്ങൾ പല സ്റ്റോറുകളിലും ആവശ്യത്തിനില്ലെങ്കിലും 2016 മുതൽ 13 ഇനത്തിന്റെ വില കൂട്ടിയില്ലെന്നായിരുന്നു പിണറായി സർക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. പുറത്ത് അവശ്യവസ്തുക്കൾക്ക് തീ പിടിച്ച വിലയിൽ നാമമാത്ര സാധനങ്ങളെങ്കിലും അത്തരമൊരു കത്തുന്ന വിലയിൽനിന്ന് ഒഴിവായത് ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. അതും ഇനി രക്ഷയ്ക്കില്ലെന്ന് വരുന്നതോടെ സാധാരണക്കാരുടെ കുടുംബബജറ്റ് കൂടുതൽ പൊള്ളുമെന്നുറപ്പ്. ഇത്തവണത്തെ കേരളപ്പിറവിയിലാണ് സർക്കാർ വൈദ്യുതി ചാർജ് വർധിപ്പിച്ച് ജനങ്ങളുടെ ബാധ്യത കൂട്ടിയത്. അതിന് പിന്നാലെയാണ് വീണ്ടും ഇടിത്തീയായി ഇടതുമുന്നണി തീരുമാനം.
 കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ കുത്തുപാളയെടുത്തിട്ടും സർക്കാർ ധൂർത്തിനും മറ്റും യാതൊരു കുറവുമില്ലാതിരിക്കവെയാണ് ജനങ്ങളിൽ വീണ്ടും വീണ്ടും സർക്കാർ അധിക ബാധ്യത അടിച്ചേൽപ്പിക്കുന്നത്. വൈദ്യതി ചാർജ് വർധനയ്ക്കു പിന്നാലെ വെള്ളക്കരത്തിനും വില കൂട്ടാൻ സർക്കാർ പാത്തും പതുങ്ങിയും നിൽക്കുകയാണ്. ക്ഷേമ പെൻഷനുകളുടെ നാലുമാസത്തെ കുടിശ്ശികയ്ക്കിടെ സർക്കാർ കോടികൾ പൊടിച്ച് നവകേരള സദസ്സ് എന്ന മണ്ഡല മാമാങ്കത്തിനും തുടക്കമിടുന്നത് ഈ മാസം 18 മുതലാണ്. 
 ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ജനങ്ങൾക്ക് സാമ്പത്തിക ബാധ്യതയൊന്നും വരുത്താതെ ജനകീയമായി നടത്തിയ ഈ പരിപാടിയെ നിശിതമായി വിമർശിച്ചിരുന്നവരാണ് സി.പി.എം. അവർ കടുത്ത സാമ്പത്തിക ബാധ്യതയിലും കോടികളെറിഞ്ഞാണ് ഭരണ മഹത്വം പറയാനെത്തുന്നത്. സഞ്ചരിക്കുന്ന മന്ത്രിസഭയ്ക്കായി നീക്കിവെക്കുന്ന കോടികൾ സാധാരണക്കാരുടെ ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കാനെങ്കിലും നീക്കിവെക്കാൻ സർക്കാർ മനസ്സ് വയ്ക്കണമെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും രൂക്ഷ വിമർശമാണ് ഉയരുന്നത്. 
 പിണറായി സർക്കാറിന് ഇനിയും രണ്ടരവർഷം കൂടി ബാക്കിയുണ്ടെന്നിരിക്കെ, സാമ്പത്തിക ബാധ്യതകളെല്ലാം നേരത്തെ തന്നെ നടപ്പാക്കിയാൽ ഭരണകാലയളവ് പൂർത്തിയാവുമ്പോഴേക്ക് ജനങ്ങളതെല്ലാം മറന്ന് സമരസപ്പെട്ടോളുമെന്നും അവസാന സയമങ്ങളിൽ എന്തെങ്കിലും ജനപ്രിയ പ്രഖ്യാപനത്തിലൂടെ ജനങ്ങളെ കൈയിലെടുക്കാമെന്നുമുള്ള അതിവിശ്വാസത്തിലാണ് സർക്കാർ ഉള്ളതെന്നും പറയുന്നു. 
 എന്നാൽ, സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലാണെന്നും സപ്ലൈക്കോയുടെ ആവശ്യത്തെ തുടർന്നാണ് വിലവർധനയ്ക്ക് ഇടതുമുന്നണി അനുവാദം നൽകിയിരിക്കുന്നതെന്നുമാണ് അവരുടെ ന്യായീകരണം. സബ്‌സിഡി ഇനങ്ങൾക്ക് കൂടി വില കൂട്ടിയാൽ ജനത്തിന്റെ ചെറിയൊരു പ്രതീക്ഷ കൂടിയാണ് ഇല്ലാതാകുക. അതിനിടെ, 13 സബ്‌സിഡി ഇനങ്ങൾക്കു പുറമെ സബ്‌സിഡി ഇല്ലാത്ത 28 ഇനങ്ങൾക്കും വില കൂട്ടണമെന്നാണ് സപ്‌ളൈകോയുടെ ആവശ്യം. 11 വർഷമായി കിട്ടാനുള്ള കുടിശ്ശിക 1525 കോടിയാണെന്നും ഇത് എത്രയും വേഗം അനുവദിക്കണമെന്നും പറയുന്നു. സബ്‌സിഡി സാധനങ്ങൾക്കായി സപ്ലൈക്കോയിൽ എത്തുന്നവർ മറ്റുള്ളവ കൂടി വാങ്ങിയാലേ പിടിച്ചുനിൽക്കാനാകൂവെന്നും ഇവർ പറയുന്നു.
 

Latest News