തിരുവനന്തപുരം- പതിനാലുകാരി ഗര്‍ഭിണിയാകുകയും അബോര്‍ഷന്‍ നടത്തുകയും ചെയ്ത കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. തിരുവല്ലം പോലീസെടുത്ത കേസില്‍ പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൂന്നു മാസത്തിലേറെ മൂടിവച്ച വിഷയത്തില്‍ ബുധനാഴ്ചയാണ് പോലീസ് കേസെടുത്തത്.
നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് കാര്യങ്ങള്‍ തുറന്നുപറയാന്‍ പെണ്‍കുട്ടിയും അമ്മയും തയാറായത്. വിവരമറിഞ്ഞ് പോലീസ് ആദ്യം സമീപിച്ചപ്പോള്‍ സഹകരിക്കാന്‍ തയാറായില്ല. സ്‌കാനിങ് റിപ്പോര്‍ട്ട് കാണിച്ച് ചോദ്യം ചെയ്തതോടെയാണ് ഗര്‍ഭിണിയായിരുന്നു എന്ന കാര്യം അമ്മ സമ്മതിച്ചത്. എന്നാല്‍ പീഡിപ്പിച്ചതാര് എന്നതില്‍ വിവരം നല്‍കാന്‍ വീണ്ടും മടിച്ചു. സ്‌കൂളില്‍ പോകുന്ന വഴിക്ക് ബസില്‍ പരിചയപ്പെട്ടയാള്‍ പിന്നീട് വീട്ടിലെത്തി പീഡിപ്പിച്ചു എന്നാദ്യം മൊഴി നല്‍കി. ഒടുവില്‍ ഇന്നലെ രാത്രിയോടെയാണ് രണ്ടാനച്ഛന്റെ പേര് വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് സെക്ഷന്‍ 164 പ്രകാരമുള്ള രഹസ്യമൊഴി രേഖപ്പെടുത്തിയത്. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ വൈദ്യപരിശോധനക്ക് വിധേയയാക്കാന്‍ തീരുമാനിച്ചിരിക്കെ, രാവിലെ കുട്ടിയെയും അമ്മയെയും വീട്ടില്‍ നിന്ന് കാണാതായി. ഇതോടെ ആശങ്കയിലായ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ കന്യാകുമാരിയില്‍ നിന്ന് ഇവരെ കണ്ടെത്തി. വൈകിട്ടോടെ തിരിച്ചെത്തിച്ചാണ് കുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചത്. സ്വയം ചില മരുന്നുകള്‍ കഴിച്ചാണ് അബോര്‍ഷന്‍ നടത്തിയതെന്ന ഇവരുടെ മൊഴി ശരിയെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. രണ്ടാനച്ഛന്റെ കന്യാകുമാരി ബന്ധം കാരണം അവിടെയാണ് അബോര്‍ഷന്‍ നടത്തിയതെന്ന സംശയത്തില്‍ അന്വേഷണം തുടങ്ങിയിരുന്നു.
സ്‌കാനിങ് നടത്തിയ തിരുവനന്തപുരം വഞ്ചിയൂരിലെ ഗോവിന്ദന്‍സ് ആശുപത്രിയില്‍ നിന്ന് പോലീസ് തെളിവ് ശേഖരിക്കുന്നുണ്ട്. സെപ്തംബര്‍ 21നാണ് ഇവിടെ സ്‌കാനിങ് നടത്തി ഒന്നരമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. 17 വയസ് എന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 15 വയസ് എന്നാണ് സ്‌കൂളില്‍നിന്ന് പോലീസ് മനസിലാക്കിയിട്ടുള്ളത്.