ആലപ്പുഴ - പിണറായി വിജയനെപ്പോലെ അഴിമതികാട്ടിയ ഒരു മുഖ്യമന്ത്രിയും ഇതിന് മുമ്പ് കേരളം ഭരിച്ചിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പണം മാത്രം എന്ന ലക്ഷ്യത്തോടെയാണ് പിണറായി പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിക്ക് അദാനിയെന്ന പോലെയാണ് പിണറായി വിജയന് ഊരാളുങ്കല്‍ സൊസൈറ്റി. ടെണ്ടറില്ലാതെ കരാര്‍ കൊടുത്ത് കോടികളാണ് കരാറുകാരില്‍ നിന്നു അടിച്ചുമാറ്റുന്നത്. ടെണ്ടറില്ലാതെ കരാര്‍ എന്ന് നിയമം തന്നെ മാറ്റിയെഴുതി. തീരദേശം വിറ്റു തുലയ്ക്കുകയാണ്. കര്‍ഷകര്‍, സിവില്‍സപ്ലൈസ്, ക്ഷേമപെന്‍ഷന്‍, കെ എസ് ആര്‍ ടി സി, കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞി എന്നിവര്‍ക്കുള്ള പണം നല്‍കാതെ കോടികളുടെ കടത്തിലാണ് സര്‍ക്കാര്‍. ഇതിനിടയില്‍ കോടികള്‍ മുടക്കി കേരളീയം പരിപാടി സംഘടിപ്പിച്ചത് മുഖ്യമന്ത്രിക്ക് മുഖസ്തുതി ചൊല്ലാന്‍ മാത്രമാണ്. സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നുപോലും കടുത്ത അമര്‍ഷമാണ് മുഖ്യമന്ത്രിക്ക് നേര്‍ക്കുള്ളത്. കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. കോണ്‍ഗ്രസ് അനിവാര്യമായ ഘടകമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. നാട് അഭിമുഖീകരിക്കുന്ന അതിജീവനത്തിന്റെ പാതയില്‍ കോണ്‍ഗ്രസാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും സംസ്ഥാനത്തെ 20 സീറ്റിലും വിജയം നേടുന്നതിനുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്നും സുധാകരന്‍ പറഞ്ഞു.