കൊച്ചി- ഇടുക്കി അണക്കെട്ട് തുറന്നതിനെ തുടർന്ന് നെടുമ്പാശേരി വിമാനതാവളത്തിൽ വിമാനങ്ങളുടെ ലാന്റിംഗ് നിർത്തി. ഇന്ന് ഉച്ചക്ക് 1.10നാണ് ലാന്റിംഗ് നിർത്തിയത്. സിയാൽ എം.ഡിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിമാനങ്ങളുടെ ലാന്റിംഗ് നിർത്തിയെന്നാണ് അറിയിപ്പ്. ഇടുക്കി അണക്കെട്ട് തുറന്നതിനെ തുടർന്ന് കൊച്ചിയിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് ലാന്റിംഗ് നിർത്തിയത്.
വിമാനങ്ങൾ മറ്റു താവളങ്ങളിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. നെടുമ്പാശേരിയിൽനിന്നുള്ള ഹജ് ക്യാമ്പിന്റെ കാര്യത്തിലും ആശങ്ക നിലനിൽക്കുന്നു. ഹജ് ക്യാമ്പ് കോഴിക്കോട്ടേക്ക് മാറ്റിയേക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കില്ലെന്ന് മന്ത്രി കെ.ടി ജലീൽ അറിയിച്ചു.