Sorry, you need to enable JavaScript to visit this website.

ഇന്ത്യ- യു. എസ് സംയുക്ത കവചിത പ്രതിരോധ വാഹന നിര്‍മാണമെന്ന് ഓസ്റ്റിന്‍

ന്യൂദല്‍ഹി- പ്രതിരോധ വ്യാവസായിക സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയുമായി ചേര്‍ന്ന് യു. എസ് ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിള്‍ നിര്‍മ്മിക്കുമെന്ന് യു. എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിരോധ- വിദേശകാര്യ 2+2 മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചൈനയില്‍ നിന്നുള്ള സുരക്ഷാ വെല്ലുവിളികള്‍ വര്‍ധിക്കുന്നത് ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ യു. എസ്- ഇന്ത്യ ബന്ധം ചൈനയുടെ വെല്ലുവിളികളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ഇരു രാജ്യങ്ങളും തമ്മില്‍ പങ്കിടുന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. 

യു. എസില്‍ നിന്ന് ഇന്ത്യ 31 എംക്യു-9ബി ഡ്രോണുകള്‍ വാങ്ങുന്ന പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന് അതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ശരിയായ സമയത്ത് ഉണ്ടാകുമെന്ന് ഓസ്റ്റിന്‍ വ്യക്തമാക്കി. 

ഇന്തോ- പസഫിക് മേഖല, മിഡില്‍ ഈസ്റ്റ്, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ പ്രധാന സംഭവവികാസങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകള്‍ കൈമാറിയതായും അദ്ദേഹം പറഞ്ഞു.

Latest News