കൊച്ചി- വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ അധികാരമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ടിക്കറ്റ് നിരക്ക് വര്‍ധനവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എയര്‍ കോര്‍പറേഷന്‍ നിയമം പിന്‍വലിച്ചതോടെ സര്‍ക്കാരിന് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം നഷ്ടമായിരിക്കുകയാണെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. സേവനങ്ങളുടെ സ്വഭാവവും പ്രവര്‍ത്തന ചെലവും കണക്കിലെടുത്താണ് നിരക്ക് നിശ്ചയിക്കുന്നത്.
ഓരോ എയര്‍ലൈന്‍ കമ്പനികള്‍ക്കും അവരുടെ പ്രവര്‍ത്തന ചെലവ് അനുസരിച്ച് നിരക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അതേസമയം ടിക്കറ്റ് നിരക്ക് വര്‍ദ്ധനയില്‍ കണ്ണടക്കുകയല്ലെന്നും കേന്ദ്രം പറഞ്ഞു. അവശ്യ സമയങ്ങളില്‍ കേന്ദ്രം ഇടപെടാറുണ്ട്. എയര്‍ലൈനുകളുടെ നിയമവിരുദ്ധ നടപടികള്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. രാജ്യാന്തര തലത്തില്‍ മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് വിമാന ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷം മാര്‍ക്കറ്റുകള്‍ വലിയ തിരിച്ച് വരവ് നടത്തുകയാണ്. ആഭ്യന്തര എയര്‍ലൈനുകള്‍ വെബ്സൈറ്റില്‍ ടിക്കറ്റ് നിരക്കുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. മൂന്നുമാസം മുന്‍പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് നിരക്ക് കൂടുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. വിമാന നിരക്ക് വര്‍ധനവ് ചോദ്യം ചെയ്തു സഫാരി ഗ്രൂപ്പ് എം.ഡി അഡ്വ. സജല്‍ പി.ഇ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചത്. ഹരജി പീന്നീട് പരിഗണിക്കാനായി മാറ്റി.