Sorry, you need to enable JavaScript to visit this website.

ഹലാൽ തട്ടിപ്പു കേസ് പ്രതി റിഷാദ് സുല്ലമി ഒടുവിൽ ബി.ജെ.പിയിൽ ചേർന്നു

മലപ്പുറം - ഹലാൽ ആട് കച്ചവടത്തിന്റെ പേരു പറഞ്ഞ് ആളുകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത  ഒതായി പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി റിഷാദ് മോൻ എന്ന റിഷാദ് സുല്ലമി (36) ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടിയാണ് റിഷാദിന് അംഗത്വം നൽകിയത്. 
 മലപ്പുറം കലക്ടറേറ്റിനു സമീപത്ത് ബി.ജെ.പി മൈനോരിറ്റി മോർച്ച നടത്തിയ പരിപാടിയിലാണ് റിഷാദ് ബി.ജെ.പി അംഗത്വമെടുത്തത്. ഹലാൽ ആട് കച്ചവടത്തിന്റെ പേരിൽ നിരവധി പേരിൽനിന്ന് ഷെയർ പിരിച്ച് തട്ടിപ്പ് നടത്തിയ റിഷാദ് ആദ്യം ആം ആദ്മി പാർട്ടിയിലും പിന്നീട് സി.പി.എമ്മിലും പ്രവർത്തിച്ച ശേഷമാണിപ്പോൾ ബി.ജെ.പിയിലെത്തിയത്. നേരത്തെ ഇയാൾ സലഫി മതപ്രഭാഷകനായിരുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ട്. സി.പി.എം വേദികളിൽ  പ്രസംഗിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. 
 ഇയാളുടെ ഹലാൽ ആട് തട്ടിപ്പിന് ഇരയായവർ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയെ തുടർന്ന് 2022-ഡിസംബറിലാണ് റിഷാദ് അറസ്റ്റിലായത്. ഇയാളുടെ തട്ടിപ്പു സംഘത്തിൽ ഉൾപ്പെട്ടവർക്ക് ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചെക്കുന്നുമലയിൽ സ്വന്തമായി ആട്, കോഴി ഫാമുകളുണ്ട്. ഇതിന്റെ മറപിടിച്ചായിരുന്നു തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ആടിനെ എത്തിച്ച് മൊത്തമായി വിൽക്കുന്ന പദ്ധതിയെന്ന് വിശ്വസിപ്പിച്ചായിരുന്നു ഹലാൽ ആട് തട്ടിപ്പ്. 5000 രൂപയാണ് ആളുകളോട് ഒരു ഷെയറിന് വാങ്ങിയത്. ഇത്തരത്തിൽ എത്ര ഷെയർ വേണമെങ്കിലും ഒരാൾക്കു നൽകും. പണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാമെന്നു പറഞ്ഞ്, ഷെയർ ഒന്നിന് 300 രൂപ മുതൽ 500 രൂപവരെ നിക്ഷേപകർക്ക് ഓഫർ ചെയ്തായിരുന്നു തട്ടിപ്പ്. ആളുകളെ വിശ്വസിപ്പിക്കാനും കൂടുതൽ ആകർഷിക്കാനുമായി അരീക്കോട് കേന്ദ്രീകരിച്ച് ഹലാൽ ഗോട്ട് ഫാം എന്ന പേരിൽ ഒരു സംരംഭവും ഇവർ തുടങ്ങിയിരുന്നതായി പരാതിക്കാർ പറഞ്ഞു. 

Latest News