ദോഹ- കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് തന്റെ ലക്ഷ്യമെന്നും അത് കാലഘട്ടത്തിന്റെ അനിവാര്ര്യതയാണെന്നും ചാണ്ടി ഉമ്മന്‍ എം.എല്‍.എ. പറഞ്ഞു. പാര്‍ട്ടിയില്‍ 'എ' ഗ്രൂപ്പിന്റെ ഭാഗമാകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിലെ പത്തനംതിട്ട സ്വദേശികളുടെ കൂട്ടായ്മയായ തണല്‍ ജീവകാരുണ്യസംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഖത്തറില്‍ എത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസ് അര്‍ഹമായ പരിഗണന നല്‍കാത്തത് കൊണ്ടല്ല അനില്‍ ആന്റണി ബി.ജെ.പിയിലേക്ക് പോയത്. സംസ്ഥാനകേന്ദ്ര തലത്തില്‍ പാര്‍ട്ടി അര്‍ഹമായ ചുമതല നല്‍കിയിരുന്നു. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന സി.ബി.ഐ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ ഇനിയും ജനങ്ങളുടെ പണം ഉപയോഗിച്ചുള്ള അന്വേഷണത്തില്‍ താല്പര്യമില്ലെന്നായിരുന്നു ചാണ്ടിഉമ്മന്റെ പ്രതികരണം.
പുതുപ്പള്ളി മണ്ഡലത്തില്‍ കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നാമധേയത്തില്‍ സ്‌പോര്‍ട്‌സ്ഹബ്ബ് രൂപീകരിക്കും. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പോലീസിന്റെ കിരാതവാഴ്ച നീതികരിക്കാനാകില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ,തണല്‍ പ്രസിഡന്റ് റോന്‍സി മത്തായി, ഇന്‍കാസ്ട്രഷറര്‍ ഈപ്പന്‍ തോമസ് എന്നിവരും പങ്കെടുത്തു.