തിരുവനന്തപുരം- കാലവർഷക്കെടുതി നേരിടാനാവശ്യമായ മുഴുവൻ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർമിക്കാവശ്യമായ ഉപകരണങ്ങൾ ബംഗളൂരുവിൽനിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് വിമാനത്തിൽ എത്തിക്കും. സംസ്ഥാനത്ത് അടിയന്തര സഹചര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 22 ഡാമുകൾ ഒറ്റയടിക്ക് തുറക്കേണ്ട അവസ്ഥ ഇതിന് മുമ്പുണ്ടായിട്ടില്ല. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണവിഭാഗം പറയുന്നത്. കക്കി ഡാം തുറന്നാൽ കുട്ടനാട്ടിൽ വെള്ളം പൊന്തും. ആലപ്പുഴയിൽ നടക്കുന്ന നെഹ്‌റുട്രോഫി വെള്ളം കളി മാറ്റിവെക്കുമെന്നും പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയേറ്റിൽ പ്രത്യേക നിരീക്ഷണ സെൽ തുറന്നിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നത് കാണാൻ ആരും പോകരുത്. അങ്ങോട്ട് പോകുന്നവരെ തടയും. എല്ലാവരും സഹകരിക്കണം. രക്ഷാപ്രവർത്തനത്തിന് നിയോഗിക്കപ്പെട്ടവർ മാത്രമേ ഇത്തരം സ്ഥലങ്ങളിലേക്ക് പോകാവൂ. ദുരന്തസ്ഥലങ്ങളിലെ ദൃശ്യങ്ങൾ പകർത്താൻ പോകുന്നതും ഒഴിവാക്കണം. വിനോദസഞ്ചാരികൾ ഇത്തരം സ്ഥലങ്ങളിൽനിന്ന് മാറിനിൽക്കണമന്നെും ജാഗ്രതകാണിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.