ന്യൂദല്‍ഹി- ഇന്ത്യയും യു. എസും തമ്മിലുള്ള 2+2 വിദേശ, പ്രതിരോധ മന്ത്രിതല യോഗത്തില്‍ കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ വര്‍ധിക്കുന്നുവെന്ന ആശങ്കകള്‍ യു. എസുമായി പങ്കുവെച്ച് ഇന്ത്യ.
'2+2' മന്ത്രിതല ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധി സംഘത്തില്‍ യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, യു. എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരും ഇന്ത്യന്‍ സംഘത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമാണുണ്ടായിരുന്നത്.
തങ്ങളുടെ ആശങ്കകള്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജൂണില്‍ കാനഡയിലെ സറേയില്‍ ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് സെപ്തംബറില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു.