Sorry, you need to enable JavaScript to visit this website.

വംശവെറിയുടെ വിളയാട്ടം

അനസ്‌തേഷ്യ നൽകാതെ കാലുകളും കൈകളും മുറിച്ചുമാറ്റപ്പെടുന്ന ഫലസ്തീനി കുട്ടിയുടെ നിലവിളി കേൾക്കാൻ ലോകത്തിന് കാതുകളില്ല. കുടിക്കാൻ ശുദ്ധജലമില്ലാതെ ഉപ്പും മാലിന്യവും കലർന്ന കടൽവെള്ളം കോരിക്കുടിക്കുന്ന ഫലസ്തീൻ വനിതകളുടെ ദൈന്യം കാണാൻ കണ്ണുമില്ല. എന്നാൽ നിസ്സഹായരായ ഈ സ്ത്രീകളെയും കുട്ടികളെയും തീവ്രവാദികളുടെ മനുഷ്യ കവചമാക്കി ചിത്രീകരിക്കാൻ പാശ്ചാത്യ ലോകത്തെ വംശീയ വെറിയൻമാർക്ക് ഒരു മടിയുമില്ല. 

 

വംശീയതക്ക് അതിർവരമ്പുകളില്ല. ഫലസ്തീനിലെ യുദ്ധം നാൾക്കുനാൾ മുറുകവേ, ഫലസ്തീനികളെയും അറബിക ളെയും ക്രൂരമാംവിധം മോശമായി ചിത്രീകരിക്കുന്ന വംശീയ ചിത്രീകരണങ്ങൾ പാശ്ചാത്യ ലോകത്ത് പടർന്നുപിടിക്കുകയാണ്. ഒരു വശത്ത് ഫലസ്തീനിലെ നിഷ്ഠുരമായ സിവിലിയൻ കൂട്ടക്കൊലക്കെതിരെ പാശ്ചാത്യ രാജ്യങ്ങളിലെ സിവിൽ സമൂഹം തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ വേളയിലാണ് വംശീയ വെറിയൻമാരുടെ വിളയാട്ടം.

ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ പ്രശസ്ത ദിനപത്രമായ വാഷിംഗ്ടൺ പോസ്റ്റിന്റെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച ഒരു കാർട്ടൂൺ. അറബികളെയും ഫലസ്തീനികളെയും തികഞ്ഞ മുൻധാരണയോടെയും പക്ഷപാതിത്വത്തോടെയും തെറ്റായി ചിത്രീകരിക്കുന്ന ഈ കാർട്ടൂൺ അറബ് ജനതക്കെതിരെ കാലങ്ങളായി നിലനിൽക്കുന്ന വംശീയ, ഓറിയന്റലിസ്റ്റ് ചിത്രീകരണത്തിന്റെ പുതിയ പതിപ്പാണ്.

ഇരുണ്ട വസ്ത്രം ധരിച്ച ഒരാൾ, നാല് കുഞ്ഞുങ്ങളെ ശരീരത്തിൽ ചുറ്റിവരിഞ്ഞ് പിന്നിൽ മൂടുപടം ധരിച്ച ഒരു സ്ത്രീയുമായി നിൽക്കുന്നതാണ് കാർട്ടൂൺ. ഹ്യൂമൻ ഷീൽഡ്സ് എന്ന് തലക്കെട്ട്. ഇരുണ്ട വസ്ത്രത്തിൽ ഹമാസ് എന്ന് എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. കാർട്ടൂണിസ്റ്റിന്റെ ഹാസ്യ ഭാവനയിൽ ഈ മനുഷ്യന് വളഞ്ഞ പുരികങ്ങളും വലിയ മൂക്കുകളും നൽകിയിരിക്കുന്നു. ശരീരത്തിൽ ചേർത്തുപിടിച്ച നാലു കുഞ്ഞുങ്ങളിലൊന്ന് തലയിലാണ്. വിധേയത്വത്തോടെ അയാളുടെ പിന്നിൽ നിൽക്കുന്ന മൂടുപടം ധരിച്ച സ്ത്രീ ഫലസ്തീൻ വനിതയല്ലാതെ മറ്റാരാണ്?

'സിവിലിയന്മാരെ ആക്രമിക്കാൻ ഇസ്രായിലിന് എത്ര ധൈര്യമുണ്ട് ... വിരലുയർത്തിപ്പിടിച്ച് കാർട്ടൂണിലെ മനുഷ്യൻ ചോദിക്കുന്നു. നവംബർ ആറിന് പ്രസിദ്ധീകരിച്ച കാർട്ടൂൺ വരച്ചത് രണ്ട് തവണ പുലിറ്റ്സർ സമ്മാനം നേടിയ കാർട്ടൂണിസ്റ്റായ മൈക്കൽ റാമിറസ് ആണ്. ഇതിന് മുമ്പും ഫലസ്തീനികളെ ആക്രമിച്ചിട്ടുള്ളയാളാണ് അദ്ദേഹം. 'ബ്ലാക്ക് ലൈവ്‌സ് മാറ്റർ' എന്ന മറ്റൊരു കാർട്ടൂണിൽ അമേരിക്കയിലെ കറുത്ത വർഗക്കാർ ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് ഹമാസിന്റെ പക്ഷം ചേരുന്നതിന് തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
വാഷിംഗ്ടൺ പോസ്റ്റിന്റെ ഈ കാർട്ടൂണിനെതിരെ അമേരിക്കക്ക് അകത്തും പുറത്തും വലിയ പ്രതിഷേധമാണ് ഉയർന്നത്. സിവിലിയൻമാരെ ആക്രമിക്കാൻ ഇസ്രായിൽ ഉയർത്തുന്ന നീതീകരണത്തെ വെള്ളപൂശുന്നതാണ് കാർട്ടൂൺ. എന്നാൽ ഹമാസ് സ്ത്രീകളെയും കുട്ടികളെയും സിവിലിയൻമാരെയും കവചമാക്കുന്നുവെന്ന ഇസ്രായിലിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വരെ സാക്ഷ്യപ്പെടുത്തുന്നു. അഭയകേന്ദ്രങ്ങളും ആശുപത്രികളും ആംബുലൻസുകളും ആക്രമിക്കുന്നതിന് ഇസ്രായിൽ പറഞ്ഞ ന്യായം അവിടെയെല്ലാം ഹമാസ് പോരാളികൾ ഒളിഞ്ഞിരിക്കുന്നു എന്നാണ്. എന്നാൽ മുച്ചൂടും നശിപ്പിക്കുന്ന വ്യോമാക്രമണത്തിൽ തങ്ങൾ എത്ര ഹമാസ് പോരാളികളെ ഇല്ലാതാക്കി എന്ന ഒരു കണക്കും ഇസ്രായിലിന് പറയാനില്ല. ഒരു ചിത്രവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുമില്ല. ഈ സാഹചര്യത്തിലാണ് ഗുട്ടെറസ് പോലും ഇസ്രായിലിന്റെ അവകാശവാദം തള്ളിക്കളയുന്നത്.

ഹമാസ് മനുഷ്യ കവചം ഉപയോഗിക്കുന്നുവെന്ന് പാശ്ചാത്യ നേതാക്കൾ പലപ്പോഴും ആവർത്തിക്കുകയും പല മുഖ്യധാരാ മാധ്യമങ്ങളിലും അത് പ്രതിധ്വനിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തികച്ചും വസ്തുതാവിരുദ്ധമായ കാർട്ടൂണുമായി വാഷിംഗ്ടൺ പോസ്റ്റ് രംഗത്ത് വന്നത്. ഫലസ്തീനിയൻ പതാകയുടെ ചുറ്റുമായി നിൽക്കുന്ന കാർട്ടൂണിലെ പുരുഷനും സ്ത്രീക്കും കുട്ടികൾക്കും അടുത്തായി, അധിനിവേശ കിഴക്കൻ ജറൂസലമിലെ ഡോം ഓഫ് റോക്കിന്റെ ഭാഗിക ഛായാചിത്രവും താഴെ ഒരു എണ്ണ വിളക്കും ചിത്രീകരിച്ചിട്ടുണ്ട്.

ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ച ശേഷം ഇസ്രായിൽ സൈനിക ആക്രമണത്തിൽ മരിച്ച കുട്ടികളുടെ എണ്ണം അയ്യായിരത്തോളമെത്തുമ്പോഴാണ് ആക്രമണകാരികളെ നീതീകരിക്കും വിധം ഇത്തരമൊരു ചിത്രീകരണമുണ്ടാകുന്നത്. പതിനായിരത്തിലേറെ സിവിലിയൻമാരാണ് ഇസ്രായിലിന്റെ നിർദാക്ഷിണ്യവും വിവേചനരഹിതവുമായ ആക്രമണത്തിൽ മരിച്ചത്. സോഷ്യൽ മീഡിയയിലും വാഷിംഗ്ടൺ പോസ്റ്റിന്റെ വെബ്സൈറ്റിലും ജനകീയ രോഷം വൻതോതിൽ പടർന്നതിനെത്തുടർന്ന് പ്രസിദ്ധീകരിച്ച് രണ്ട് ദിവസത്തിന് ശേഷം ഈ കാർട്ടൂൺ അവർക്ക് നീക്കം ചെയ്യേണ്ടിവന്നു. ഫലസ്തീനികളെ വംശീയമായും മനുഷ്യത്വ രഹിതമായും ചിത്രീകരിച്ചതിനെതിരെ നിർഭയം രംഗത്തെത്തിയ സിവിൽ സമൂഹം ഒരു പത്രഭീമന്റെ കണ്ണ് തുറപ്പിക്കുക തന്നെ ചെയ്തു. 
'നീചമായ, മതഭ്രാന്തിന്റെ പ്രകടന'മെന്നാണ് ഒരു വായനക്കാരൻ എക്‌സിൽ പ്രതികരിച്ചത്. യഹൂദരെ നിഷേധാത്മകമായി ചിത്രീകരിക്കുന്ന സെമിറ്റിക് വിരുദ്ധ കാർട്ടൂണുകളെ ഇത് അനുസ്മരിപ്പിക്കുന്നതാണെന്ന് നിരവധി പേർ പറഞ്ഞു. ഇത്  പരമ്പരാഗത യഹൂദ വിരുദ്ധ സ്വഭാവം പോലെ  തന്നെ. ചില്ലറ മാറ്റങ്ങൾ മാത്രം- ഒരാൾ എഴുതി. '1930 കളിൽ യൂറോപ്യൻ പത്രങ്ങളിൽ അവർ ജൂതന്മാരെ ചിത്രീകരിച്ചിരുന്നത് ഇങ്ങനെയാണ്'.
വംശഹത്യയെ ന്യായീകരിക്കാൻ ഈ കുട്ടികളെ തെറ്റായി ചിത്രീകരിച്ചതിൽ വാഷിംഗ്ടൺ പോസ്റ്റിന് ലജ്ജ തോന്നുന്നില്ലേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഏതൊരു ജനതയോട് നിങ്ങൾ മനുഷ്യത്വര ഹിതമായി പെരുമാറുന്നുവോ അത് അനീതികൾക്ക് വഴിയൊരുക്കുന്നു. ദ വാഷിംഗ്ടൺ പോസ്റ്റ് ആ വംശീയാഗ്നി കൊളുത്തുന്നത് ദൗർഭാഗ്യകരമാണ്. 'ഈ കാർട്ടൂണും അത് പ്രസിദ്ധീകരിച്ച വസ്തുതയും ഭയപ്പെടുത്തുന്നതാണ്'  മറ്റൊരാൾ എഴുതി.

കാർട്ടൂൺ എടുത്തുകളഞ്ഞതിന് ശേഷം, വായനക്കാരിൽ നിന്ന് ലഭിച്ച കത്തുകളുടെയും അഭിപ്രായങ്ങളുടെയും ഒരു പരമ്പര വാഷിംഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ചു. പണ്ഡിതന്മാരും അക്കാദമിക് വിദഗ്ധരും സിവിൽ സമൂഹ പ്രതിനിധികളും തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചു: 'ഉത്തരവാദിത്തപൂർണമായ പത്രപ്രവർത്തനത്തിന്റെ സത്ത, ഇല്ലാത്തവർക്ക് ശബ്ദം നൽകാനും സുതാര്യത സൂക്ഷിക്കാനും നീതി പ്രോത്സാഹിപ്പിക്കാനുമുള്ള അതിന്റെ കഴിവിലാണ്. ഈ തത്വങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോൾ, അത് ഏതൊരു മാധ്യമത്തിന്റെയും സമഗ്രത, വിശ്വാസ്യത എന്നിവയെക്കുറിച്ച് നിയമാനുസൃതമായ ചോദ്യങ്ങൾ ഉയർത്തുന്നു'.

മറ്റൊരു വായനക്കാരൻ എഴുതി: 'ഞാൻ മതത്തിലും മാധ്യമങ്ങളിലും അറിവുളളയാളാണ്. മൈക്കൽ റാമിറെസിന്റെ എഡിറ്റോറിയൽ കാർട്ടൂണിൽ ആഴത്തിലുള്ള വംശീയ ചിത്രീകരണവും സ്ത്രീകളോടും കുട്ടികളോടും ഉള്ള അയാളുടെ നിന്ദാപരമായ ക്രൂരതയും ഞാൻ തിരിച്ചറിയുന്നു. 19 ാം നൂറ്റാണ്ടിലെ കൊളോണിയലിസ്റ്റുകളുടെ കണ്ണടയിലൂടെ ഈ സംഘർഷത്തെ നോക്കുന്നത് ഒരു തരത്തിലും വിവരദായകമോ ചിന്തോദ്ദീപകമോ അല്ല'.

കുട്ടികൾ ഹമാസിന്റെ ഇരകളാണെന്ന് കാർട്ടൂൺ സൂചിപ്പിക്കുന്നുവെന്ന വിരോധാഭാസത്തിലേക്ക് നിരവധി വായനക്കാരും വിരൽ ചൂണ്ടി.  യഥാർഥത്തിൽ അവരെ കൊല്ലുന്നത് ഇസ്രായിലി ബോംബുകളാണ്. 'ഫലസ്തീൻ സിവിലിയന്മാരുടെ കൂട്ടക്കൊലക്ക് പിന്നിൽ ഇസ്രായിലാണെന്ന സത്യത്തെ മറച്ചുവെക്കാൻ എല്ലാം ഹമാസിന്റെ കാൽക്കൽ വെക്കുന്നത് സാഹചര്യത്തെ തെറ്റായി ചിത്രീകരിക്കലാണെന്നും അവർ ചൂണ്ടിക്കാട്ടി. 

(Al Jazeera image)

കുടിക്കാൻ ശുദ്ധജലമില്ലാത്തതിനാൽ ഉപ്പും മാലിന്യവും കലർന്ന കടൽവെള്ളം കുടിച്ചാണ് ഫലസ്തീനിലെ സ്ത്രീകളും കുട്ടികളും ജീവൻ നിലനിർത്തുന്നത്. ഇസ്രായിൽ ആക്രമണത്തിൽ മാരകമായ പരിക്കുകളേറ്റ അവരുടെ കൈകാലുകൾ മുറിച്ചുമാറ്റുന്നതും ശസ്ത്രക്രിയകൾ നടത്തുന്നതും അനസ്‌തേഷ്യ പോലും കൊടുക്കാതെയാണ്. കാരണം മയക്കാനും മരവിപ്പിക്കാനുമുള്ള മരുന്നില്ല. ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ബോംബാക്രമണത്തിൽ മരിക്കാത്തവരെ ചികിത്സ കിട്ടാതെയും ഭക്ഷണം കിട്ടാതെയും മരണത്തിന് വിട്ടുകൊടുക്കുകയെന്ന ക്രൂരപദ്ധതിയാണ് ഇസ്രായിൽ നടപ്പാക്കുന്നത്. ലോകം നിസ്സഹായമായി ഇത് നോക്കിനിൽക്കുന്നു. വീര്യമുള്ള വാക്കുകൾക്കോ ചർച്ച പ്രഹസനങ്ങൾക്കോ ഫലസ്തീനികളുടെ ദുരിതമകറ്റാനുള്ള കഴിവില്ല. ഈ കെട്ട കാലത്തിലേക്കാണ് വംശഹത്യയെ നീതീകരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്ന ചിത്രീകരണങ്ങൾ കടന്നുവരുന്നത്. മനുഷ്യരാശി പിന്നിട്ട സംസ്‌കാരത്തിന്റെയും പരിഷ്‌കരണങ്ങളുടേയും കാലങ്ങളെ വിസ്മൃതിയിലാക്കുന്ന, പത്തൊമ്പതാം നൂറ്റാണ്ടിനും പിന്നോട്ട് നമ്മെ വലിച്ചുകൊണ്ടുപോകുന്ന കാടത്തത്തിന്റെ ചിത്രീകരണങ്ങളാണത്. യുദ്ധത്തേക്കാൾ ഭീകരമാണത്.

Latest News